ഐഎസ്‌എല്‍ ആദ്യപാദ സെമി: സമനിലെ തെറ്റാതെ ഗോവയും മുംബൈയും; രണ്ട് ഗോള്‍ വീതം അടിച്ച് ഇരു ടീമുകളും; രണ്ടാംപാദ സെമി തിങ്കളാഴ്ച
ഫത്തോര്‍ഡ: ഐഎസ്‌എല്‍ സെമിഫൈനലിന്റെ ആദ്യ പാദ മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയും എഫ് സി ഗോവയും രണ്ട് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയില്‍ ഇഗോര്‍ അംഗൂളോയുടെ പെനല്‍റ്റി ഗോളില്‍ മുന്നിലെത്തിയ ഗോവയെ 38ാം മിനിറ്റില്‍ ഹ്യൂഗോ ബൂമോസിന്റെ ഗോളില്‍ മുംബൈ ഒപ്പം പിടിച്ചു.
രണ്ടാം പകുതിയില്‍ സേവിയര്‍ ഗാമയിലൂടെ ഗോവ വീണ്ടും ലീഡെടുത്തെങ്കിലും മൂന്ന് മിനിറ്റിനകം മൗര്‍ത്തൂദോ ഫാളിലൂടെ മുംബൈ ഒപ്പമെത്തി. മാര്‍ച്ച് എട്ടിന് നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ വിജയിക്കുന്ന ടീം ഫൈനലിലേക്ക് മുന്നേറും.
ആവേശപോരാട്ടം കണ്ട മത്സരത്തില്‍ ഇരു ടീമുകളും തുല്യശക്തികളുടെ പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ പകുതിയില്‍ ഇരു ടീമും ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്തപ്പോള്‍ മത്സരം ആവേശകരമായി. രണ്ടാം പകുതിയില്‍ മുംബൈയുടെ സമനില ഗോളിനുശേഷം കളി പലപ്പോഴും കൈയാങ്കളിയിലേക്ക് നീങ്ങിയപ്പോള്‍ റഫറിക്ക് മഞ്ഞക്കാര്‍ഡ് പുറത്തെടുക്കാനെ സമയമുണ്ടായിരുന്നുള്ളു.
20-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോവയാണ് ആദ്യം മുന്നിലെത്തിയത്. 19-ാം മിനിറ്റില്‍ ജോര്‍ജ് ഓര്‍ട്ടിസിനെ മന്ദര്‍ റാവു ദേശായ് ബോക്സില്‍ വീഴ്‌ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ഇഗോള്‍ അംഗൂളോ ഗോവയെ മുന്നിലെത്തിച്ചു.
38-ാം മിനിറ്റില്‍ ഹ്യൂഗോ ബോമസിലൂടെ മുംബൈ ഒപ്പമെത്തി. ബോക്സിന്റെ പുറത്തു നിന്നുള്ള ബോമസിന്റെ ഷോട്ട് ധീരജ് സിങ്ങിന് യാതൊരു അവസരവും നല്‍കാതെ വലയിലെത്തുകയായിരുന്നു.
59-ാം മിനിറ്റില്‍ സേവ്യര്‍ ഗാമയിലൂടെ ഗോവ വീണ്ടും മുന്നിലെത്തി. മിഡ്ഫീല്‍ഡില്‍ ഇടതുവശത്തു നിന്ന് പന്ത് ലഭിച്ച ഗാമ മുംബൈ ഡിഫന്‍ഡര്‍മാരെ മറികടന്ന് ഒറ്റയ്ക്ക് മുന്നേറി ബോക്സിന്റെ പുറത്തുനിന്ന് തൊടുത്ത ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
ഈ ഗോള്‍ വീണ് മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ (62) മുര്‍ത്താത ഫാളിലൂടെ മുംബൈ സമനില ഗോള്‍ കണ്ടെത്തി. അഹമ്മദ് ജാഹു എടുത്ത ഫ്രീ കിക്കില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. ബോക്സിലേക്കെത്തിയ പന്ത് ഫാള്‍ വലയിലെത്തിക്കുന്നത് കണ്ടുനില്‍ക്കാനേ ഗോള്‍കീപ്പര്‍ ധീരജ് സിങ്ങിന് സാധിച്ചുള്ളൂ.
രണ്ട് ഗോള്‍ വിതം വീണശേഷം പരുക്കനായ മത്സരത്തില്‍ അഞ്ചോളം മഞ്ഞക്കാര്‍ഡുകളാണ് റഫറി പിന്നീട് പുറത്തെടുത്തത്. ഇരു ടീമും തമ്മിലുള്ള രണ്ടാംപാദ സെമി തിങ്കളാഴ്ച നടക്കും.