വൈദ്യുതിയും ഭക്ഷണവുമില്ല; ക്യൂബയിലെ ജനങ്ങളുടെ കണ്ണീര്‍ പരിശുദ്ധ അമ്മയ്ക്കു മുന്നില്‍ സമര്‍പ്പിച്ച് ആര്‍ച്ച് ബിഷപ്പ്

0

ഹവാന: വൈദ്യുതിയും ഭക്ഷണവുമില്ല, സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ഒരുകാലത്ത് ലോകമെങ്ങുമുള്ള കമ്മ്യൂണിസ്റ്റുകളുടെ വാഗ്ദത്ത ഭൂമിയായിരുന്ന ക്യൂബയിലെ ജനങ്ങള്‍ ഇന്ന് പട്ടിണിയും പരിവട്ടവുമായി നട്ടം തിരിയുകയാണ്.

സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ട ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് പരിശുദ്ധ അമ്മയിലാണ്. സാന്റിയാഗോ ഡി ക്യൂബ അതിരൂപതയിലെ ആര്‍ച്ച് ബിഷപ്പ് ഡിയോണിസിയോ ഗില്ലെര്‍മോ ഗാര്‍സിയയുടെ പ്രാര്‍ത്ഥനാപൂര്‍ണമായ വാക്കുകളില്‍ തിരിച്ചറിയാം, ആ രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതപൂര്‍ണമായ സാഹചര്യം.

ഓശാന ഞായര്‍ ദിവസം, ക്യൂബയുടെ പ്രത്യേക മധ്യസ്ഥയായ കോബ്രെയിലെ ഉപവിയുടെ കന്യകയുടെ മുന്നിലാണ് രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന ദുരിതപൂര്‍ണമായ ജീവിതം വിവരിച്ച് ആര്‍ച്ചുബിഷപ് സഹായം അഭ്യര്‍ത്ഥിച്ചത്. ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ഉപവിയുടെ നാഥയുടെ നാമധേയത്തിലുള്ള കോബ്രെയിലെ ബസിലിക്കയിലാണ് ആര്‍ച്ചുബിഷപ്പ് പ്രാര്‍ത്ഥന നടത്തിയത്.

വെള്ളവും കറന്റും പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം സാധാരണ ജീവിതം നയിക്കാനുള്ള സ്വാതന്ത്ര്യവും ക്യൂബന്‍ ജനതയ്ക്ക് നല്‍കണമെന്നായിരുന്നു അപേക്ഷ. അറുപത് വര്‍ഷത്തിലധികമായി ഏകാധിപത്യ ഭരണത്തിന് കീഴില്‍ തുടരുന്ന ക്യൂബയിലെ ജനങ്ങള്‍ നേരിടുന്നത് കടുത്ത ദുരിതമാണ്. ഭാവിയില്‍ തങ്ങളുടെ കുട്ടികളെങ്കിലും സ്വാതന്ത്ര്യത്തിന്റെ മധുരം അനുഭവിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.

വിലക്കയറ്റവും സാധനങ്ങളുടെ ലഭ്യതക്കുറവ് രൂക്ഷമാവുകയും ഇന്ധന വിലയില്‍ വലിയ വര്‍ധന ഉണ്ടാവുകയും ചെയ്തതോടെ ജനം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ചും കറന്റും വെള്ളവും പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ മുടക്കം കൂടാതെ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ക്യൂബയിലെ പല നഗരങ്ങളിലും ജനക്കൂട്ടം തെരുവിലിറങ്ങിയിരുന്നു.

അതേസമയം, പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും പ്രത്യാശയുടെ പുതുവെളിച്ചം കാത്തിരിക്കുകയാണ് അവര്‍. മിശിഹായെ പ്രതീക്ഷിച്ചു കഴിഞ്ഞ പഴയനിയമ ജനത്തെപ്പോലെ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന വിശ്വാസത്തിന്റെ വെളിച്ചം തങ്ങള്‍ക്ക് ലഭിക്കാന്‍ ആര്‍ച്ചുബിഷപ് ഗാര്‍സിയ പ്രാര്‍ത്ഥിച്ചു.

You might also like