കാനഡയിൽ ഇനി മുതൽ ‘മഴ നികുതി’; പ്രതിഷേധവുമായി പൗരന്മാർ
ടൊറൻ്റോ: കാനഡയിലെ ടൊറൻ്റോ നിവാസികൾ ഏപ്രിൽ മുതൽ മഴനികുതി അടയ്‌ക്കേണ്ടി വരും. മണ്ണിലിറങ്ങാതെ മഴവെള്ളവും മഞ്ഞുവെള്ളവും ഒഴുകിപ്പരന്ന് പ്രളയവും മറ്റുപ്രശ്നങ്ങളും ഉണ്ടാക്കുന്നത് നേരിടാനാണ് ഈ നികുതി.
‘സ്റ്റോംവാട്ടർ ചാർജും വാട്ടർ സർവീസ് ചാർജ് കൺസൾട്ടേഷനും’ എന്ന് നഗരസഭാധികൃതർ വിളിക്കുന്ന നികുതിക്ക് നാട്ടുകാർ നൽകിയ പേരാണ് മഴനികുതി. ടൊറൻ്റോ മുനിസിപ്പൽ ഗവൺമെൻ്റ് വെബ്‌സൈറ്റ് അനുസരിച്ച് നികുതി പിരിവ് ഏപ്രിൽ മുതൽ നടപ്പിലാക്കും.
മഴവെള്ളവും മലിനജലവും കൈകാര്യംചെയ്യുന്നതിനുള്ള തുക മറ്റുപല നികുതികളുടെയും ഭാഗമായി ടൊറന്റോക്കാർ കൊടുക്കുന്നുണ്ട്. അതുകൂടാതെയാണ് പുതിയനികുതി വരുന്നത്.
ഓരോ കെട്ടിടത്തിന്റെയും പ്രതലത്തിന്റെ വിസ്തീർണം കണക്കാക്കിയാകും നികുതി. ഓടും മുറ്റത്തെയും പാർക്കിങ്ങിലെയും കോൺക്രീറ്റ് തറകളുമെല്ലാം അളക്കും.
വൻമഴ വരുമ്പോൾ ഇവയിലൂടെ കുത്തിയൊലിക്കുന്ന വെള്ളം നഗരത്തിന്റെ മാലിന്യസംവിധാനത്തിലേക്കിറങ്ങി അതു താറുമാറാക്കുന്നു. അതിനാലാണ് നിർദിഷ്ട നികുതിയെന്നുപറയുന്നു നഗരാധികൃതർ പറയുന്നത്.
‘മഴ നികുതി’ പദ്ധതി കനേഡിയൻ നഗരത്തിലെ നിവാസികളെ ചൊടിപ്പിച്ചിട്ടുണ്ട്. അവർ ഓൺലൈനിൽ പ്രതിഷേധിക്കുകയാണ്. കാനഡയിലെ ഭവന പ്രതിസന്ധിക്കിടയിൽ, മഴ നികുതി ഏർപ്പെടുത്തുന്നതിനെയാണ് എക്സിൽ ഒരു ഉപയോക്താവ് വിമർശിച്ചത്. ‘ആളുകൾക്ക് താമസിക്കാൻ ഒരു വീട് കണ്ടെത്താൻ കഴിയുന്നില്ല, അപ്പോഴാണ് മഴനികുതി!!’– എന്നായിരുന്നു വിമർശനം.