തീര പ്രദേശങ്ങളില്‍ കടലാക്രമണം: നാല് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം; ആളുകളെ ഒഴിപ്പിച്ചു

0

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളില്‍ ശക്തമായ കടലാക്രമണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ രൂക്ഷമായ കടലാക്രമണമുണ്ടായത്.

തിരുവനന്തപുരത്ത് പുല്ലുവിള മുതല്‍ പൊഴിയൂര്‍ വരെയും പൂന്തുറ, വലിയതുറ, കോവളം ഭാഗങ്ങളിലുമാണ് കടലാക്രമണം രൂക്ഷമായത്. പൊഴിയൂരില്‍ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അമ്പതോളം വീടുകളില്‍ വെള്ളം കയറി.

പൊഴിക്കരയില്‍ റോഡ് പൂര്‍ണമായി വെള്ളത്തിനടിയിലായി. മുന്‍കരുതലിന്റെ ഭാഗമായി പൊഴിയൂരില്‍ മാത്രം പത്തോളം വീടുകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ തീരപ്രദേശത്ത് കടല്‍ ഉള്‍വലിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തീരത്ത് കടലാക്രമണം ഉണ്ടായത്. കോവളത്ത് തീരത്തെ കടകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ക്ക് താല്‍കാലിക വിലക്കേര്‍പ്പെടുത്തി. കടലില്‍ ഇറങ്ങുന്നതിനും നിരോധനമുണ്ട്.

കൊല്ലത്ത് മുണ്ടയ്ക്കലിലാണ് കടലാക്രമണം രൂക്ഷമായത്. ഇവിടെ ശക്തമായ തിരമാലകള്‍ കരയിലേക്ക് അടിച്ചു കയറി. ശക്തമായ കാറ്റും അനുഭവപ്പെട്ടു.

ആലപ്പുഴയില്‍ പുറക്കാട്, വളഞ്ഞവഴി, ചേര്‍ത്തല, പള്ളിത്തോട് എന്നിവിടങ്ങളിലാണ് കടലാക്രമണം ഉണ്ടായത്. തൃശൂരില്‍ പെരിഞ്ഞനത്തും ആറാട്ടുപുഴയിലുമാണ് കടല്‍വെള്ളം കരയിലേക്ക് കയറിയത്.

തൃക്കുന്നപ്പുഴ വലിയഴിക്കല്‍ റോഡില്‍ ഗതാഗതം നിലച്ചു. പെരിഞ്ഞനം ബീച്ചില്‍ കടല്‍ ഭിത്തിയും കടന്നാണ് കടല്‍വെള്ളം കരയിലേക്ക് കയറിയത്.

You might also like