മോതിര വൃത്തത്തിൽ സൂര്യൻ; അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം നേരിൽ കണ്ട് പതിനായിരങ്ങൾ

0

മെക്‌സിക്കോ: മോതിര വൃത്തത്തിൽ ചുവന്ന് തുടുത്ത് സൂര്യൻ. ചന്ദ്രന്റെ നിഴൽ അഞ്ച് മിനിറ്റോളം സൂര്യനെ മറച്ചപ്പോൾ അപൂർവ്വമായ ആകാശ ദൃശ്യവിരുന്ന് ഭൂമിയിൽ നിന്ന് കണ്ട് ആസ്വദിച്ചത് പതിനായിരങ്ങൾ. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം കാണാൻ വലിയ ജനപ്രവാഹമാണ് ദൃശ്യമായത്. വടക്കേ അമേരിക്കയിലാണ് സൂര്യഗ്രഹണം ദൃശ്യമായത്. കാനഡയിലും മെക്‌സിക്കോയിലും ടെക്‌സസിലും ഉൾപ്പെടെ അപൂർവ്വ ആകാശ ദൃശ്യവിരുന്ന് കാണാൻ ജനങ്ങൾ ഒഴുകിയെത്തി.

ഇന്ത്യയിൽ ഇക്കുറി ഇത് ദൃശ്യമാകില്ല. മെക്‌സിക്കോയിലാണ് സമ്പൂർണ സൂര്യഗ്രഹണം ഏറെക്കുറെ പൂർണമായി ദൃശ്യമായത്. പ്രാദേശിക സമയം ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് മെക്‌സിക്കോയുടെ പസഫിക് തീരത്ത് ഈ പ്രതിഭാസം ദൃശ്യമായത്. ചന്ദ്രൻ ഏതാണ്ട് നാലര മിനിറ്റോളം സൂര്യനെ പൂർണമായി മറച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.

സൂര്യനെ പൂർണമായി മറച്ചുകൊണ്ട് ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിലൂടെ കടന്നുപോകുന്ന പ്രതിഭാസമാണിത്. അപൂർവ്വ ദൃശ്യവിരുന്ന് കാണാൻ പല സ്ഥലങ്ങളിലും ജനങ്ങൾ തുറസ്സായ സ്ഥലങ്ങളിലേക്ക് കൂട്ടമായി എത്തുന്നത് കാണാമായിരുന്നു. ചന്ദ്രന്റെ നിഴൽ പൂർണമായി മറച്ചപ്പോൾ ചുവന്ന മോതിരവട്ടമായി സൂര്യൻ മാറുന്നതിന്റെ ദൃശ്യങ്ങൾ നാസ പുറത്തുവിട്ടു.

എല്ലായിടത്തും കാണാൻ കഴിയാത്തതിനാൽ നാസയുടെ യൂട്യൂബ് ചാനലിൽ സൂര്യഗ്രഹണത്തിന്റെ തത്സമയ സംപ്രേഷണവും ഒരുക്കിയിരുന്നു. 2026 ഓഗസ്റ്റിലാണ് അടുത്ത സമ്പൂർണ ഗ്രഹണം ദൃശ്യമാകുക. ഇന്ത്യയിൽ ഇനി 2031 ൽ മാത്രമാകും സമ്പൂർണ ഗ്രഹണം കാണാനാകുക.

You might also like