കേരളത്തില്‍ കാലവര്‍ഷം കനക്കാന്‍ സാധ്യത; മഴക്കാലം പതിവിലും നേരത്തേയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ന്യൂഡല്‍ഹി: രാജ്യത്ത് മണ്‍സൂണ്‍ നേരത്തേ എത്തുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ദ്വിധ്രുവവും ലാ നിന പ്രതിഭാസവും ഒരുമിച്ച് സജീവമാകുമെന്നും അതിനാല്‍ മണ്‍സൂണ്‍ കാലം പതിവിലും നേരത്തെ എത്തുമെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു.
എല്‍ നിനോ പ്രതിഭാസം കാരണം മഴ കുറവായിരിക്കുമെന്നു വേനല്‍ക്കാലത്ത് ചൂട് അസഹനീയമായിരിക്കുമെന്നും വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വേനലിന്റെ കാര്യത്തില്‍ പ്രവചനം ശരിയാകുകയും ചെയ്തു.
മണ്‍സൂണ്‍ ശക്തിപ്പെടുമ്പോള്‍ തീരദേശ സംസ്ഥാനമായ കേരളത്തില്‍ കാലവര്‍ഷം കനക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ ജൂണ്‍ പകുതി മുതല്‍ സെപ്റ്റംബര്‍ വരെ അനുഭവപ്പെടുന്ന കാലവര്‍ഷം ഇത്തവണ മെയ് അവസാനത്തോടെയോ ജൂണ്‍ ആദ്യമോ എത്തിയേക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
അതേസമയം എല്‍ നിനോ പ്രതിഭാസം ദുര്‍ബലപ്പെടുന്നതും മഴ നേരത്തെ എത്താനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ജൂലൈ മാസത്തിനും സെപ്റ്റംബറിനും ഇടയില്‍ എല്‍ നിനോ ദുര്‍ബലമാകുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് കൃത്യമായി പ്രവചിക്കാന്‍ കഴിയില്ല. നേരത്തെ പ്രവചിച്ച് അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും ഈ വര്‍ഷം പകുതി പിന്നിടുന്നതോടെ എല്‍ നിനോ പ്രതിഭാസം അവസാനിക്കുമെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
ആഗോളതലത്തില്‍ കാലാവസ്ഥയെ ബാധിക്കുന്ന എല്‍ നിനോ ദുര്‍ബലമാകാന്‍ തുടങ്ങിയെന്നും ഈ വര്‍ഷം ജൂണിനും ഓഗസ്റ്റിനും ഇടയില്‍ പൂര്‍ണമായും അവസാനിക്കുമെന്നും പ്രവചിക്കപ്പെടുന്നു. എന്നാല്‍ ഇക്കാലയളവില്‍ ലാ നിനാ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഏജന്‍സികള്‍ പ്രവചിക്കുന്നു.
ഓഗസ്റ്റോടെ ലാ നിനാ പ്രതിഭാസം രൂപംകൊള്ളുകയാണെങ്കില്‍ ഇന്ത്യയില്‍ ഇക്കൊല്ലം മണ്‍സൂണ്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശക്തിപ്രാപിക്കുമെന്നും പ്രവചിക്കപ്പെടുന്നു. ലാ നിനാ പ്രതിഭാസം യാഥാര്‍ത്ഥ്യമായാല്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ പതിവില്‍ കൂടുതല്‍ മഴ ലഭിക്കും. എല്‍ നിനോ സൗതേണ്‍ ഓസിലേഷന്‍ (ENSO) സന്തുലിതാവസ്ഥയിലേക്ക് മാറിയാലും ഈ വര്‍ഷം മണ്‍സൂണ്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ചതായിരിക്കും. എല്‍ നിനോ ദുര്‍ബലമാകാന്‍ തുടങ്ങിയെന്ന് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് കാലാവസ്ഥാ വ്യതിയാന സേവനം (സി3എസ്) സ്ഥിരീകരിച്ചു.
2023 ലെ മണ്‍സൂണ്‍ സീസണില്‍ 820 മില്ലീമീറ്റര്‍ മഴയാണ് ഇന്ത്യയില്‍ ലഭിച്ചത്. എല്‍ നിനോ 2024 ന്റെ ആദ്യ പകുതിവരെ തുടരുകയാണെങ്കില്‍ 2024 ചൂടേറിയ വര്‍ഷമാകുമെന്നും പ്രവചനമുണ്ടായിരുന്നു. എന്നാല്‍ ലാ നിന രൂപപ്പെട്ടാല്‍ താപനില കുറയും. അതേസമയം ഉയര്‍ന്ന താപനില തുടരുകയാണെങ്കില്‍ തീവ്രമായ ചുഴലിക്കാറ്റും അതിശക്തമായ മഴക്കും സാധ്യതയുണ്ട്.