പോഷകാഹാരക്കുറവ്; സുഡാനിൽ നിരവധികുട്ടികളുടെ ജീവൻ ഭീഷണിയിൽ: മുന്നറിയിപ്പുമായി യൂണിസെഫ്

0

ഖാർത്തൂം: ലോകത്തെ ഏറ്റവും മോശമായ പട്ടിണി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് സുഡാൻ എന്ന ആഫ്രിക്കൻ രാജ്യം. ഒരുവർഷം മുൻപ് രാജ്യത്തെ സൈന്യവും അർധസൈനിക വിഭാഗവും തമ്മിൽ ആരംഭിച്ച ആഭ്യന്തര യുദ്ധമാണ് സുഡാനെ കടുത്ത ക്ഷാമത്തിലേക്ക് തള്ളിവിട്ടത്. വീടുകൾവിട്ട് ക്യാമ്പുകളിലേക്ക് മാറാൻ നിർബന്ധിതരായ ദശലക്ഷക്കണക്കിന് മനുഷ്യർ ഇപ്പോൾ കടുത്ത പോഷകാഹാരക്കുറവും പകർച്ചവ്യാധികളും കൊണ്ട് ദുരിതമനുഭവിക്കുകയാണ്. അതിലേറ്റവും ബുദ്ധിമുട്ടുന്നതാകട്ടെ കുട്ടികളും.

നിരവധികുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുവാനുള്ള സാഹചര്യം നിലനിൽക്കുന്നതായി യൂണിസെഫ് സംഘടന. ഏകദേശം നാല് ദശലക്ഷം കുട്ടികളാണ് പോഷകാഹാരക്കുറവ് മൂലം വിവിധങ്ങളായ രോഗങ്ങൾക്ക് അടിമകളായിരിക്കുന്നത്. ബാലാവകാശ ലംഘനങ്ങളും ഏറെ നടക്കുന്ന രാജ്യത്ത്, കുട്ടികളിൽ 90 ശതമാനത്തിലധികം പേർക്കും ഔപചാരിക വിദ്യാഭ്യാസം പോലും നേടാൻ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്.

2023 ഏപ്രിൽ മാസം പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിൽ ഏകദേശം നാല് ദശലക്ഷത്തിലധികം കുട്ടികൾ അവരുടെ വീടുകൾ ഉപേക്ഷിച്ചു, അയൽ രാജ്യങ്ങളായ ചാഡ്, ഈജിപ്ത്, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിലേക്ക് പലായനം ചെയ്തിരുന്നു. എന്നാൽ ഈ സ്ഥലങ്ങളിലും പട്ടിണിയും, പകർച്ച വ്യാധിയും മൂലം നിരവധിയാളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

കോളറ, അഞ്ചാംപനി, ഡെങ്കിപ്പനി തുടങ്ങിയ നിലവിലെ പകർച്ചവ്യാധികൾ ലക്ഷക്കണക്കിന് കുട്ടികളുടെ ജീവിതത്തിന് ഭീഷണിയായി തുടരുകയാണ്. തൊഴിലാളികൾക്ക് ശമ്പളം ലഭിക്കാത്തതും, സാധനസാമഗ്രികളുടെ ലഭ്യതയില്ലായ്മയും സാമൂഹ്യ ജീവിതത്തിന് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. സുഡാനിൽ നടക്കുന്ന യുദ്ധങ്ങൾക്ക് അവസാനം കാണുവാനും, സമാധാനം പുനസ്ഥാപിക്കുവാനും ഫ്രാൻസിസ് മാർപാപ്പായും നിരവധി തവണ അഭ്യർഥനകൾ നടത്തിയിട്ടുണ്ട്.

സുഡാനിലെ വടക്കൻ ഡർഫറിലെ സംസം ക്യാമ്പിൽ മെഡിസിൻസ് വിതൗട്ട് ബോർഡേഴ്സ് (എംഎസ്എഫ്) എന്ന അന്താരാഷ്ട്ര സംഘടന നടത്തിയ അന്വേഷണത്തിൽ ഓരോ രണ്ടുമണിക്കൂറിലും ഒരു കുട്ടിയെങ്കിലും മരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഭക്ഷണ ദൗർലഭ്യം, വൃത്തിഹീനമായ വെള്ളം, അപര്യാപ്തമായ വൈദ്യസഹായം എന്നിവയാണ് മരണനിരക്ക് വർധിപ്പിക്കുന്നത്.

അഞ്ച് വയസിന് താഴെയുള്ള ഓരോ 10 കുട്ടികളിൽ മൂന്ന് പേർക്കും, ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരിൽ മൂന്നിലൊന്ന് പേരും പോഷകാഹാരക്കുറവുള്ളവരാണെന്ന് ഏജൻസി കണ്ടെത്തിയിട്ടുണ്ട്. പോഷകാഹാര അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട പരിധി സുഡാൻ താണ്ടിയതായും ഏജൻസി പറയുന്നു. നിലവിൽപ്പോൾ സംസം ക്യാമ്പിൽ മാത്രമാണ് എംഎസ്എഫ് സർവേ നടത്തിയത്. ഇതൊരു മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് എംഎസ്എഫ് പറയുന്നു.

You might also like