ദുബായിൽ മഴക്കെടുതിയിൽ ആയിരക്കണക്കിന് വാഹനങ്ങളും വീടുകൾക്കും നാശനഷ്ടം
ദുബായ് : മഴക്കെടുതിയിൽ ആയിരക്കണക്കിന് വാഹനങ്ങളും വീടുകൾക്കും നാശനഷ്ടം. ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് രേഖകൾ കൃത്യമായി സമർപ്പിച്ചാൽ നഷ്ടപരിഹാരം ലഭിക്കും. പൂർണ ഇൻഷുറൻസ് എടുത്തിട്ടുള്ളവർക്കാണ് പ്രകൃതി ദുരന്തത്തിൽ പരിരക്ഷ ലഭിക്കുക. കെട്ടിടത്തിന്റെ ബേസ്മെന്റ് പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് അടക്കം ഇൻഷുറൻസ് ലഭിക്കും.
എന്നാൽ, പ്രകൃതി ക്ഷോഭം ഉണ്ടെന്നു ബോധ്യപ്പെട്ടിട്ടും വാഹനം വെള്ളത്തിലിറക്കി കേടുപാടുണ്ടായാൽ ഇത്തരം പോളിസികളിൽ കമ്പനികൾക്കാണ് അന്തിമ തീരുമാനം എടുക്കാനുള്ള അവകാശം. വെള്ളം കയറി വാഹനങ്ങൾക്കു കേടുപാടുണ്ടായാൽ, ദുബായ് റജിസ്റ്റേഡ് വാഹനങ്ങൾക്ക് ദുബായ് പൊലീസിന്റെ ആപ്പിലോ വെബ്സൈറ്റിലോ നിശ്ചിത ഫീസ് അടച്ചാൽ ടു ഹും മേ കൺസേൺ സർട്ടിഫിക്കറ്റ് ലഭിക്കും. സർട്ടിഫിക്കറ്റ് ലഭിച്ചാൽ ഇൻഷുറൻസ് ബ്രോക്കറെ ബന്ധപ്പെടാം. വാഹനങ്ങളുടെ കേടുപാടുകൾ കൃത്യമായ രേഖപ്പെടുത്തുകയും വിഡിയോ, ഫോട്ടോ എന്നിവ സൂക്ഷിക്കുകയും വേണം.
ഇതിനു ശേഷം വാഹനത്തിന്റെ മുൽക്കി, ഡ്രൈവിങ് ലൈസൻസ് എന്നിവ നൽകി പൊലീസിന്റെ അസ്സൽ റിപ്പോർട്ട് നേരിട്ടു വാങ്ങാം. വാഹനം ഇൻഷുറൻസ് കമ്പനി പ്രതിനിധി പരിശോധിക്കും. തുടർന്ന് ഗാരിജിലേക്കു മാറ്റും. ക്ലെയിം ലഭിക്കുന്നതു വരെ മുടങ്ങാതെ കാര്യങ്ങൾ അന്വേഷിക്കണം.