ബാള്‍ട്ടിമോർ പാലം അപകടം : ഉത്തരവാദികൾ കപ്പല്‍ ഉടമകളും നടത്തിപ്പുകാരുമെന്ന് കോടതിയിൽ റിപ്പോര്‍ട്ട്‌

0

ന്യൂയോര്‍ക്ക് : അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകരാനിടയാക്കിയ അപകടത്തിന്‍റെ ഉത്തരവാദിത്വം കപ്പൽ ഉടമസ്ഥരായ കമ്പനിക്കും നടത്തിപ്പ് കമ്പനിക്കുമെന്ന് ബോള്‍ട്ടിമോര്‍ സിറ്റി അധികൃതർ. കാര്യക്ഷമതയില്ലാത്ത ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നതെന്നും ബോള്‍ട്ടിമോര്‍ സിറ്റി കൗണ്‍സില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോട്ടില്‍ പറയുന്നു. അനവധിപേരുടെ ഉപജീനമാര്‍ഗ്ഗവും നഗരത്തിന്റെ വരുമാനവും ബാള്‍ട്ടിമോര്‍ സിറ്റിയുടെ പൈതൃകവുമാണ് അപകടം മൂലം ഇല്ലാതായതെന്ന് റിപ്പോട്ടില്‍ പറയുന്നു. കപ്പല്‍ തുറമുഖത്തുനിന്ന് യാത്രതിരിക്കുമ്പോള്‍ വൈദ്യുത വിതരണത്തില്‍ തകരാറുണ്ടായിന്നു. ഇത് വകവെക്കാതെയാണ് യാത്ര തുടര്‍ന്നത്. ശരിയായ പ്രവര്‍ത്തന മികവോ പരിശീലനമോ ഇല്ലാത്ത ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നും അവര്‍ നാവിക നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിങ്കപ്പൂര്‍ കമ്പനിയായ ഗ്രേസ് ഓഷ്യന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ദാലി ചരക്കുകപ്പലിന്റെ ഉടമ. ചരക്കുകപ്പലിന്റെ നടത്തിപ്പ് ചുമതലയുണ്ടായിരുന്നത് പാലക്കാട് സ്വദേശിയായ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള സിനര്‍ജി മറൈന്‍ ഗ്രൂപ്പിനായിരുന്നു. രണ്ടു കപ്പിത്താന്മാരുള്‍പ്പെടെ കപ്പലിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണ്.മാര്‍ച്ച് 26-ന് ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിൽ കപ്പലിടിച്ച് അപകടമുണ്ടായതിന് തൊട്ടുപിന്നാലെ 1851-ലെ നാവിക നിയമത്തിനു കീഴില്‍ ഉള്‍പ്പെടുത്തി തങ്ങള്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുകയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് രണ്ടു കമ്പനികളും കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. മേരിലാന്റിലെ ഫെഡറല്‍ കോടതിയായിരിക്കും അപകടം സംബന്ധിച്ച കേസിൽ വിധിപറയുക. ശ്രീലങ്കയിലേക്കു ചരക്കുമായി യാത്രതിരിച്ച ദാലി, തുറമുഖത്തുനിന്ന് പുറപ്പെട്ട് അരമണിക്കൂറിനകം ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിൽ ഇടിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ പാലത്തില്‍ അറ്റകുറ്റപ്പണിയിൽ ഏർപ്പെട്ടിരുന്ന ആറു പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

You might also like