അമേരിക്കയിലെ സർവകലാശാലകളിൽ ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു
അമേരിക്ക: അമേരിക്കയിലെ സർവകലാശാലകളിൽ ഗാസയിൽ നടക്കുന്ന യുദ്ധത്തിനെതിരായ പ്രതിഷേധം വ്യാപകം. ക്യാമ്പസുകളിലെ പ്രതിഷേധത്തിന് പിന്നാലെ നിരവധിപേരെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂയോർക്ക്, യേൽ, കൊളംബിയ, ബെർക്ക്ലി എന്നീ സർവ്വകലാശാലകളിലാണ് യുദ്ധത്തിനെതിരായ പ്രതിഷേധം നടക്കുന്നത്. അഞ്ചുദിവസമായി പ്രക്ഷോഭം തുടരുകയാണ്. തിങ്കളാഴ്ച രാത്രിയാണ് ന്യൂയോർക്ക് സർവ്വകലാശാലയിൽ നിന്ന് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തത്. രാജ്യത്തെ സർവ്വകലാശാലകളിൽ എല്ലാം തന്നെ യുദ്ധത്തിനെതിരായ പ്രതിഷേധം ശക്തമാകാൻ ആരംഭിച്ചതിന് പിന്നാലെ കൊളംബിയ സർവ്വകലാശാല ക്ലാസുകൾ റദ്ദാക്കി. ഒരറിയിപ്പുണ്ടാകുന്നതു വരെ ക്ലാസുകൾ ഓൺലൈനായിരിക്കുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു. നേരത്തെ ജൂത വിദ്യാർഥികളോട് കാമ്പസിലേക്ക് പോകരുതെന്ന് പുരോഹിതൻ മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞ ആഴ്ച കൊളംബിയ സർവ്വകലാശാലയിലേക്ക് പോലീസ് സഹായം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിദ്യാർത്ഥികളുടെ യുദ്ധവിരുദ്ധ പ്രതിഷേധങ്ങൾ വ്യാപകമായി ആളുകളുടെ ശ്രദ്ധയിലേക്ക് എത്തിയത്. പ്രതിഷേധിച്ച 100ഓളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.പലസ്തീനും ഇസ്രയേലിനും പിന്തുണച്ചാണ് യുദ്ധത്തിനെതിരായ പ്രതിഷേധങ്ങൾ നടക്കുന്നതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് രീതിയിലുള്ള പ്രതിഷേധങ്ങളേയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു.