കർണാടക ചർച്ച് ഓഫ് ഗോഡിന് പുതിയ നേതൃത്വം
ബെംഗളുരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ഓവർസീയർ പ്രീഫറൻസ് തെരഞ്ഞെടുപ്പിൽ പാസ്റ്റർ എം കുഞ്ഞപ്പി 81.45 ശതമാനത്തോടെ ഓവർസിയർ സ്ഥാനത്തെക്കു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ ഇ.ജെ.ജോൺസൺ കൗൺസിൽ സെക്രട്ടറി, പാസ്റ്റർമാരായ ജോസഫ് ജോൺ, റോജി ഇ. സാമൂവേൽ, മത്തായി വർഗീസ്, കുരിയക്കോസ് പി. വി (സാജൻ) എന്നിവരെ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായും തെരഞ്ഞെടുത്തു.
നിലവിൽ സ്റ്റേറ്റ് ട്രഷറർ ആയിരുന്ന പാസ്റ്റർ ജോസഫ് ജോൺ തുടരും.
മാർച്ച് 11ന് പാസ്റ്റർ എബനേസർ സെൽവരാജിന്റെ നേതൃത്വത്തിൽ ബെംഗളുരു മൈലപ്പനഹള്ളി ഫെയ്ത്ത് ഇൻസ്റ്റിറ്റ്യൂഷൻ ഹാളിൽ ഓവർസിയർ ,കൗൺസിൽ അംഗങ്ങൾ എന്നീ തെരഞ്ഞെടുപ്പും കൊത്തന്നൂർ ചർച്ച് ഓഫ് ഗോഡ് സഭാ ആസ്ഥാന മന്ദിരത്തിൽ വെച്ച് കൗൺസിൽ സെക്രട്ടറി തെരഞ്ഞെടുപ്പും നടത്തി.
ഓവർസിയറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ.എം.കുഞ്ഞപ്പി കൊട്ടാരക്കര വാളകം കുരയിൽ പ്ലാവിള വീട്ടിൽ മത്തായി – മറിയാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. മൗണ്ട് സയോൺ ബൈബിൾ കോളേജിൽ നിന്നും വേദ പംനം പൂർത്തികരിച്ച് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി കേരളത്തിലും കർണാടകയിലുമായി സുവിശേഷ പ്രവർത്തനം ചെയ്ത് വരുന്നു. കേരളത്തിൽ ചർച്ച് ഓഫ് ഗോഡ് അസിസ്റ്റൻ്റ് ഓവർസിയായി 6 വർഷവും സ്റ്റേറ്റ് ഓവർസിയറായി നാല് വർഷവും സേവനം അനുഷ്ഠിച്ച ഇദ്ദേഹം 2012 മുതൽ കർണാടക ചർച്ച് ഓഫ് ഗോഡിൻ്റെ പ്രധാന ചുമതലകൾ വഹിക്കുന്നു. കൺവൻഷൻ പ്രസംഗകനും ക്രൈസ്തവ എഴുത്തുകാരനുമായ ഇദ്ദേഹം യുഗാന്ത്യസന്ദേശം പത്രത്തിൻ്റെ പത്രാധിപരുമാണ്.
കൗൺസിൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ.ഇ.ജെ.ജോൺസൺ പിറവം മാളിയേക്കൽ പരേതരായ പാസ്റ്റർ.ഇ.വി.ജോസഫിൻ്റെയും കുഞ്ഞമ്മ ജോസഫിൻ്റെയും എട്ടാമത്തെ മകനാണ്. മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയിൽ നിന്നും BTH ബിരുധം കരസ്ഥമാക്കിയതിന് ശേഷം പാമ്പാടി 7-ാം മൈൽ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനായും പിന്നീട് ഐ.സി.പി.എഫ് സ്റ്റാഫ് വർക്കറായും പ്രവർത്തിച്ചു. 1999ൽ കർണാടകയിൽ എത്തിയ ഇദ്ദേഹം ചർച്ച് ഓഫ് ഗോഡ് കർണാടക റീജിയൺ സെക്രട്ടറിയായും പിന്നീട് സ്റ്റേറ്റായി രൂപീകരിച്ചപ്പോൾ കൗൺസിൽ സെക്രട്ടറി, ഇവാഞ്ചലിസം ഡയറക്ടർ, വേദ അധ്യാപകൻ ,കെ യു.പി.എഫ് മുൻ സെക്രട്ടറി എന്നീ ചുമതലകൾ നിർവഹിച്ചിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി കർണാടകയിൽ സുവിശേഷ പ്രവർത്തനം ചെയ്യുന്ന ഇദ്ദേഹം ആർ.ടി.നഗർ ചർച്ച് ഓഫ് ഗോഡ് സഭയുടെ സീനിയർ പാസ്റ്ററാണ്.
നിലവിൽ സ്റ്റേറ്റ് ട്രഷററും കൗൺസിൽ അംഗവുമായി തെരഞ്ഞെടുത്ത പാസ്റ്റർ.ജോസഫ് ജോൺ പുനലൂർ ഇടമൺ തൈപറമ്പിൽ ബേബി ജോണിൻ്റെയും പരേതയായ മേരി ജോണിൻ്റെയും നാലാമത്തെ മകനാണ്. തിരുവല്ല ഐ.സി.ടി.എസ് സെമിനാരിയിൽ നിന്ന് വേദപംനം പൂർത്തികരിച്ച് കഴിഞ്ഞ 16 വർഷത്തോളമായി കർണാടക ചർച്ച് ഓഫ് ഗോഡിൽ പ്രവർത്തിക്കുന്നു. കഴിഞ്ഞ 8 വർഷത്തോളം വൈ.പി.ഇ പ്രസിഡൻ്റ്, മുൻ അഖിലേന്ത്യാ ഗവേണിംങ് ബോർഡ് അംഗം, ബി സി.പി.എ വൈസ് പ്രസിഡൻ്റ്, ഗുഡ്ന്യൂസ് കർണാടക ചാപ്റ്റർ വൈസ് പ്രസിഡൻ്റ് എന്നീ ചുമതലകൾ വഹിക്കുന്ന ഇദ്ദേഹം ബാംഗ്ലൂർ സൗത്ത് സെൻറർ ഡിസ്ട്രിക്റ്റ് പാസ്റ്ററും ബണ്ണാർഗട്ടെ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനുമാണ്.
കൗൺസിൽ അംഗമായി തെരഞ്ഞെടുത്ത പാസ്റ്റർ റോജി ശാമുവേൽ കോട്ടയം മണർകാട് ചരളേൽ പാസ്റ്റർ.സി.എസ്. ഈശോ – അന്നമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. ഗോസ്പൽ ഫോർ ഏഷ്യയിൽ നിന്ന് BD കരസ്ഥമാക്കിയതിന് ശേഷം പായിപ്പാട് ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരിയിൽ വേദ അധ്യാപകനായിരുന്നു. പിന്നീട് കോട്ടയം എഫ്.എഫ്.ആർ.ആർ.സി സെമിനാരിയിൽ നിന്ന് MTH ബിരുധം, മദ്രാസ് സർവ്വകലാശാലയിൽ നിന്ന് എം.എസ്.സി സൈക്കോളജി ബിരുധവും കരസ്ഥമാക്കി മുളക്കുഴ ബൈബിൾ കോളേജിൽ വേദഅധ്യാപകനുമായിരുന്നു. കഴിഞ്ഞ 6 വർഷമായി കർണാടക ചർച്ച് ഓഫ് ഗോഡിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം മൈസൂർ ഡിസ്ട്രിക്റ്റ് പാസ്റ്ററും ചർച്ച് ഓഫ് ഗോഡ് കർണാടക എഡ്യുക്കേഷൻ ഡയറക്ടർ ,വേദ അധ്യാപകൻ എന്നീ ചുമതലകൾ വഹിക്കുന്നു. ഗുഡ്ന്യൂസ് കർണാടക ചാപ്റ്റർ ഇംഗ്ലീഷ് സെക്ഷൻ കോർഡിനേറ്ററുമാണ്.
കൗൺസിൽ അംഗമായി തെരഞ്ഞെടുത്ത പാസ്റ്റർ പി.വി.കുരിയാക്കോസ് (സാജൻ) മംഗലാപുരം ജില്ലയിൽ കടമ്പ താലൂക്ക് മർദ്ദാളം പാറശ്ശേരിൽ പി.ടി.വർഗീസ് – സാറാമ്മ ദമ്പതികളുടെ അഞ്ചാമത്തെ മകനാണ്. ബാംഗ്ലൂർ എസ്.എ.ബി.സി യിൽ നിന്നും 2002 ൽ BTH ബിരുധം കരസ്ഥമാക്കിയതിന് ശേഷം കർണാടകയുടെ വിവിധയിടങ്ങളിൽ രണ്ട് പതിറ്റാണ്ടുകളായി സുവിശേഷ പ്രവർത്തനം ചെയ്ത് വരുന്നു. കർണാടക ചർച്ച് ഓഫ് ഗോഡ് ബൈബിൾ കോളേജ് രജിസ്ട്രാർ ,മൈസൂർ വിജയനഗര സഭാ ശുശ്രൂഷകൻ, കൂർഗ് ഡിസ്ട്രിക്റ്റ് പാസ്റ്റർ എന്നീ ചുമതലകൾ വഹിക്കുന്ന ഇദ്ദേഹം 2007 മുതൽ വേദഅധ്യാപകനും
ഗുഡ്ന്യൂസ് കർണാടക ചാപ്റ്റർ ചാരിറ്റി കോർഡിനേറ്ററുമാണ്.
കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ മത്തായി വർഗീസ് പന്തളം ഉള്ളന്നൂർ ആലഞ്ചേരിൽ പരേതരായ ശാമുവേൽ വർഗീസ് – മറിയാമ്മ ദമ്പതികളുടെ ആറാമത്തെ മകനാണ്. എഴംകുളം എവരി ഹോം ബൈബിൾ കോളേജിൽ നിന്ന് BTH പംനത്തിന് ശേഷം വയനാട് ,തിരുവനന്തപുരം, ബെംഗളുരു എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകളായി സുവിശേഷ പ്രവർത്തനം ചെയ്യുന്നു. ബെംഗളുരു പീനിയ ഹെസറുഗട്ടെ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനായ ഇദ്ദേഹം ചർച്ച് ഓഫ് ഗോഡ് കർണാടക പ്രയർ സെൽ ഡയറക്ടറുമാണ്.