സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ബാങ്ക് വഴിമാത്രം ശമ്പളം
റിയാദ് : ഗാർഹിക തൊഴിലാളികൾക്ക് ബാങ്ക് വഴിമാത്രം ശമ്പളം. ഗാർഹിക തൊഴിലാളികളുടെ വേതന സുരക്ഷാ സേവനം കൂടുതൽ വിപുലമാക്കാൻ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. നിലവിലെ കരാറുകൾക്ക് അനുസൃതമായി വേതന സംരക്ഷണം ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.
ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളി മേഖല വികസിപ്പിക്കുന്നതിലും തൊഴിലുടമയുടെയും വീട്ടുജോലിക്കാരന്റെയും അവകാശങ്ങൾ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വേതന സംരക്ഷണ സേവനം ആരംഭിക്കുന്നത്. ശമ്പളം നൽകുന്ന പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കാനും വേതനം നൽകുന്നത് സുഗമമാക്കാനും ഈ സേവനം ലക്ഷ്യമിടുന്നു. “Musaned” പ്ലാറ്റ്‌ഫോം വഴി ഡിജിറ്റൽ വാലറ്റുകളിലൂടെയും അംഗീകൃത ബാങ്കുകളിലൂടെയുമായിരിക്കും ശമ്പളം നൽകേണ്ടത്. ഇതോടെ വേതനം കൈമാറുന്നതിന്റെ സുരക്ഷയും വിശ്വാസ്യതയും വർധിപ്പിക്കാനാകുമെന്ന് മാനവശേഷി മന്ത്രാലയം അറിയിച്ചു.