ചൈനക്ക് വന്‍ തിരിച്ചടി; ഇറാനിലെ ചബഹാര്‍ തുറമുഖം പത്ത് വര്‍ഷത്തേയ്ക്ക് ഇന്ത്യക്ക്

0

ന്യൂഡല്‍ഹി: ഇറാനിലെ ചബഹാര്‍ ഷാഹിദ് ബെഹെഷ്തി തുറമുഖ ടെര്‍മിനല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയും ഇറാനും തമ്മില്‍ സുപ്രധാന കരാറില്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം വര്‍ഷത്തേയ്ക്ക് തന്ത്രപ്രധാനമായ തുറമുഖ നടത്തിപ്പിന്റെ ചുമതല ഇന്ത്യക്ക് ലഭിക്കും.

കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച ഇന്ത്യ പോര്‍ട്ട് ഗ്ലോബല്‍ ലിമിറ്റഡും (ഐപിജിഎല്‍), ഇറാനിലെ പോര്‍ട്ട് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷനുമാണ് കരാര്‍ ഒപ്പിട്ടത്. ഇറാനില്‍ നടന്ന ചടങ്ങില്‍ ഇറാന്‍ റോഡ്-നഗര വികസന മന്ത്രി മെഹര്‍സാദ് ബസര്‍പാഷും പങ്കെടുത്തു.
ഇത് ആദ്യമായാണ് ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പ് ഇന്ത്യ ഏറ്റെടുക്കുന്നത്. ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ ത്രികക്ഷി വ്യാപാരത്തിനും വാണിജ്യത്തിനും തുറമുഖം സഹായമാകുമെന്നും കേന്ദ്ര തുറമുഖ മന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ഇറാനെതിരായ അമേരിക്കന്‍ ഉപരോധം ചബഹാര്‍ തുറമുഖത്തിന്റെ വികസനം മന്ദഗതിയിലാക്കിയിരുന്നു. ഉപരോധം വകവയ്ക്കാതെ തുറമുഖത്തിന്റെ വികസനത്തിന് സഹകരിച്ച ഏക വിദേശ രാജ്യം ഇന്ത്യയാണ്. തുറമുഖം ഇന്ത്യ ഏറ്റെടുക്കുന്നത് ചൈനയ്ക്ക് കനത്ത തിരിച്ചടിയാകും.

ചൈന-പാക് സാമ്പത്തിക ഇടനാഴിയേയും അറബിക്കടലില്‍ ചൈനയുടെ സാന്നിധ്യത്തേയും നേരിടാന്‍ ചബഹാര്‍ തുറമുഖം ഇന്ത്യക്ക് ഗുണം ചെയ്യും. അറബിക്കടലില്‍ സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാകിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്തിന്റെ വികസനം ചൈന ഏറ്റെടുത്തത്. ചബഹാര്‍ തുറമുഖത്ത് നിന്ന് 72 കിലോമീറ്റര്‍ അകലെയാണ് ഗ്വാദര്‍ തുറമുഖം

You might also like