കരയുദ്ധം രൂക്ഷമാകുന്നു ; വിദേശയാത്രകൾ റദ്ദാക്കി സെലെൻസ്കി
കീവ്: യുക്രൈനിൽ റഷ്യൻ സൈന്യം മുന്നേറ്റം തുടരവേ വരുംദിവസങ്ങളിലെ വിദേശയാത്രകളെല്ലാം പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി റദ്ദാക്കി. എന്നാൽ, കാരണം വ്യക്തമാക്കിയില്ല. അതിനിടെ, യുക്രൈന് യു.എസ്. 200 കോടി ഡോളറിന്റെ (16,696 രൂപ) സഹായംകൂടി നൽകുമെന്ന് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. രണ്ടുദിവസമായി യുക്രൈനിലാണ് ബ്ലിങ്കൻ. വടക്കുകിഴക്കുള്ള ഹർകീവ് മേഖലയിൽ കഴിഞ്ഞയാഴ്ചമുതൽ റഷ്യൻ സൈന്യം മുന്നേറുകയാണ്. എണ്ണായിരത്തോളം നാട്ടുകാർ ഇവിടം വിട്ടുപോയി. പിടിച്ചുനിൽക്കാനാകാതെ പല ഗ്രാമങ്ങളിൽനിന്നും യുക്രൈൻ സൈന്യത്തെ പിൻവലിച്ചു. കരയുദ്ധം രൂക്ഷമായ ലുക്യാൻട്സി, വൊവ്ചാൻസ്ക് തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് സൈനികരെ പിൻവലിച്ചത്. സൈനികരുടെ എണ്ണക്കുറവും കിഴക്ക് ഡൊണെറ്റ്‌സ്കിൽ റഷ്യ ഈയിടെയുണ്ടാക്കിയ നേട്ടവും യുക്രൈൻ നേരിടുന്ന പ്രതിസന്ധിയാണ്. വടക്ക് ചെർണിഹിവ്, സുമി മേഖലകളിലും കനത്ത ആക്രമണം നടക്കുന്നുണ്ട്.