ബാൾട്ടിമോർ പാലത്തിൽ നിന്ന് ദാലിയെ രക്ഷിക്കാനായി നടത്തിയത് നിരവധി നിയന്ത്രിത സ്ഫോടനങ്ങൾ

0

അമേരിക്ക: അമേരിക്കയിലെ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിൽ ഇടിച്ച കണ്ടെയ്നർ കപ്പൽ പാലത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് മോചിപ്പിക്കാനായി നടത്തിയത് നിരവധി നിയന്ത്രിത സ്ഫോടനങ്ങൾ. ഷിപ്പിനുള്ളിൽ കപ്പലിലെ ജീവനക്കാരുള്ള സമയത്ത് തന്നെയായിരുന്നു നിയന്ത്രിത സ്ഫോടനങ്ങൾ നടത്തിയത്. ഇതോടെ ആറ് ആഴ്ചകൾക്ക് മുൻപ് തകന്ന പാലത്തിന്റെ നീക്കം ചെയ്യേണ്ട ഭാഗങ്ങൾ മെരിലാന്റിലെ പാറ്റപ്സ്കോ നദിയിലേക്ക് മുങ്ങിപ്പോയി. തിങ്കളാഴ്ച 24 ഓളം ജീവനക്കാർ കപ്പലിലുണ്ടായ സമയത്താണ് സ്ഫോടനം നടന്നത്. ഗ്രേസ് ഓഷ്യൻ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ദാലി എന്ന കപ്പലിന് ചെറിയ തരത്തിലുള്ള കുലുക്കങ്ങളാണ് ചെറുസ്ഫോടങ്ങളിൽ നേരിട്ടത്.

കപ്പലിനെയും ഇതിലെ ജീവനക്കാരേയും വിട്ടയ്ക്കാനുള്ള ആദ്യഘട്ട ശ്രമങ്ങളുടെ ഭാഗമായാണ് നിയന്ത്രിത സ്ഫോടനങ്ങൾ നടത്തിയത്. എന്നാൽ എന്നത്തേക്ക് കപ്പലിനെ വിട്ടയക്കും എന്നതിനേക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. മാർച്ച് മാസത്തിൽ ബാൾട്ടിമോറിൽ നിന്ന് ശ്രീലങ്കയിലേക്ക് 27 ദിവസ യാത്ര ആരംഭിച്ച കപ്പലാണ് ഫ്രാൻസിസ് സ്കോട്ട് കീ പാലം ഇടിച്ച് തകർത്ത് പാലത്തിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിയത്. 20 ഇന്ത്യക്കാരും 1 ശ്രീലങ്കൻ സ്വദേശിയും അടങ്ങുന്നതാണ് കപ്പലിലെ ജീവനക്കാർ.

You might also like