മ്യാന്മറിൽ രണ്ടു ദേവാലയങ്ങൾക്കു നേരെ വ്യോമാക്രമണം

0

മെയ് പതിനൊന്നിനും പന്ത്രണ്ടിനുമിടയിൽ മ്യാന്മറിലെ ചിൻ സംസ്ഥാനത്ത് ഒരു കത്തോലിക്കാ ദേവാലയത്തിനും മറ്റൊരു ബാപ്റ്റിസ്റ്റ് ദേവാലയത്തിനുംനേരെ വ്യോമാക്രമണമുണ്ടായതായി ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു. കലായ് രൂപതയുടെ കീഴിലുള്ളതാണ് ആക്രമിക്കപ്പെട്ട കത്തോലിക്കാ ദേവാലയം. ടോൻസാങ് നഗരത്തിനടുത്തുള്ള ലങ്ടാക് ഗ്രാമത്തിലാണ് ആക്രമിക്കപ്പെട്ട ഇരുദേവാലയങ്ങളും. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

വിമതഗ്രൂപ്പുകൾക്കെതിരെയുള്ള ആക്രമണത്തിന്റെ ഭാഗമായാണ് മ്യാന്മാർ വ്യോമസേന ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങൾക്കുനേരെ ബോംബാക്രമണം നടത്തിയത്. സംഭവത്തിൽ അഞ്ചു വീടുകൾ തകർന്നു. മ്യാന്മറിലെ കലായ് രൂപതയുടെ കീഴിലുള്ള ഒരു ദേവാലയവും ആക്രമിക്കപ്പെട്ടവയിൽപെടും. ഇവിടെയുണ്ടായിരുന്ന ടൈറ്റസ് എൻ സാ ഖാൻ എന്ന വൈദികനും മറ്റു വിശ്വാസികളും രക്ഷപെട്ട് അടുത്തുള്ള കാടുകളിൽ അഭയം തേടിയതായി ഏജൻസി അറിയിച്ചു. ലങ്ടാക് ഗ്രാമവും സമീപത്തുള്ള മറ്റു രണ്ടു ഗ്രാമങ്ങളും ആക്രമണത്തിലൂടെ മ്യാന്മറിലെ സൈന്യം പിടിച്ചെടുത്തു. ചിൻ സംസ്ഥാനത്തെ 86 % ജനങ്ങളും ക്രൈസ്തവരാണ്. ഇവിടെ നാളുകളായി ആളുകൾക്കിടയിൽ സംഘർഷങ്ങളും അക്രമങ്ങളും നിലനിൽക്കുന്നുണ്ടെന്നും ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.

2021-ൽ സൈന്യം ഭരണം പിടിച്ചെടുത്തതിനുശേഷം, ഈ പ്രദേശത്തുള്ള വർഗീയന്യൂനപക്ഷങ്ങൾ പ്രതിരോധനിരയോടു ചേർന്ന് സൈന്യത്തിനെതിരെ പോരാട്ടം തുടരുകയാണ്. എന്നാൽ അതേസമയം മ്യാന്മറിലെ സൈന്യം, സാധാരണ ജനങ്ങളുടെ വീടുകളും സ്കൂളുകളും ദൈവാലയങ്ങളും തകർക്കുകയും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ഥിതി വഷളാക്കുകയും ചെയ്തുവരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇന്ത്യയും ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ചിൻ സംസ്ഥാനത്ത്, പ്രതിരോധസേന നിർണ്ണായകമായ ക്യിന്ദ്വേ നഗരം പിടിച്ചെടുത്തു. സ്വാതന്ത്ര്യം ലഭിച്ച നാൾ മുതൽ കേന്ദ്രസർക്കാരിനെതിരെ പോരാടിവന്നിരുന്ന വർഗന്യൂനപക്ഷസേന നിലവിലെ സംഘർഷങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ആക്രമങ്ങൾ സാധാരണ ജനങ്ങളെ, പ്രത്യേകിച്ച് സാഗയിങ് പ്രദേശത്തുള്ളവരെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും ഏജൻസി വിശദീകരിച്ചു.

You might also like