തോരാ മഴ: അടുത്ത അഞ്ച് ദിവസം കൂടി ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്കൻ കേരളത്തിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം കൂടി ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി എറണാകുളം മുതൽ വയനാട് വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്.
മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ ഈ സീസണിലെ ആദ്യ ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. നാളെയോടെ ഇത് തീവ്രന്യൂനമർദമായി മാറാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഇക്കുറി കാലവർഷം നേരത്തെ എത്തിയേക്കുമെന്നാണ് സൂചന.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് ഇനിയൊരറിയിപ്പ് ഉണ്ടാവുംവരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളും അതീവ ജാഗ്രതയിലാണ്.