സ്വാശ്രയ മെഡിക്കല്‍ കോളജ് ഫീസ്; ഇനി മുതല്‍ പൊതുവിപണിയിലെ വിലക്കയറ്റത്തിനനുസരിച്ച് വര്‍ധിപ്പിക്കും
തിരുവനന്തപുരം: ഇനി മുതല്‍ പൊതുവിപണിയിലെ വിലക്കയറ്റത്തിനനുസരിച്ച് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസും വര്‍ധിക്കും. കേന്ദ്ര സര്‍ക്കാര്‍ വര്‍ഷം തോറും പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വില സൂചികയിലെ നിരക്കിന് അനുസൃതമായി എംബിബിഎസ് ഫീസ് കൂട്ടാമെന്ന ദേശീയ മെഡിക്കല്‍ കമ്മിഷന്റെ നിര്‍ദേശം ഇക്കൊല്ലം മുതല്‍ കേരളത്തില്‍ നടപ്പാക്കും.
വിലക്കയറ്റ സൂചിക മിക്ക വര്‍ഷങ്ങളിലും ഉയരാറുണ്ട്. ഫീസും അതിനനുസരിച്ച് വര്‍ധിക്കും. വര്‍ഷം തോറും ഫീസ് കൂട്ടുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വന്‍ ബാധ്യതയാകും. ഫീസ് വര്‍ധന എത്ര ശതമാനം വരെ എന്നതില്‍ വ്യക്തത വന്നിട്ടില്ല.
വില സൂചിക മാനദണ്ഡമാക്കുന്നതോടെ റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ ഫീസ് നിര്‍ണയ സമിതിക്ക് മുമ്പാകെ വരവ് ചെലവ് കണക്കുകള്‍ ഹാജരാക്കാതെ എല്ലാ വര്‍ഷവും ഫീസ് ഉയര്‍ത്താന്‍ സ്വാശ്രയ കോളജുകള്‍ക്ക് കഴിയും. ഉപഭോക്തൃ വില സൂചികയില്‍ ജനുവരിയില്‍ കേരളത്തില്‍ 4.4 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ദേശീയ തലത്തില്‍ 5.1 ശതമാനവും.
മോഡേണ്‍ ഡെന്റല്‍ കോളജ് കേസില്‍ സുപ്രീം കോടതി ഉത്തരവനുസരിച്ച് ഫീസ് നിര്‍ണയ സമിതി നിശ്ചയിക്കുന്ന ഫീസ് മൂന്ന് വര്‍ഷത്തേക്ക് പുതുക്കാന്‍ പാടില്ലെന്നാണ്. എന്നാല്‍ വിലക്കയറ്റത്തോത് പരിഗണിച്ചാല്‍ ഡെന്റല്‍ ഫീസും വര്‍ഷാ വര്‍ഷം കൂട്ടാനാകും.