‘കൊവിഡിന് ശേഷം വിപണി നേരിട്ട ഏറ്റവും വലിയ തിരിച്ചടി’; തകർച്ചയ്‌ക്കൊടുവിൽ ഇന്ത്യൻ വിപണിക്ക് ഉയിർപ്പ്

0

ഇന്നലെ നേരിട്ട വമ്പൻ തിരിച്ചടിക്ക് ശേഷം ഓഹരി വിപണിയിൽ ഉയിർത്തെഴുന്നേൽപ്പ്. വൻ തകർച്ചയ്ക്ക് ശേഷം ഇന്ന് വ്യാപാരത്തിന്‍റെ തുടക്കത്തിൽ തന്നെ വിപണിയിൽ ഉണർവ് ദൃശ്യമായി. വോട്ടെണ്ണൽ ദിനമായ ഇന്നലെ ആദ്യഫല സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണി കുത്തനെ വീഴുകയായിരുന്നു. സെൻസെക്സ് 500 പോയിന്‍റും നിഫ്റ്റി 150 പോയിന്‍റും ഉയർന്നത് ശുഭ സൂചകമായി. വീണ്ടും മോദി സര്‍ക്കാര്‍ വരുമെന്ന എക്‌സിറ്റ് പോളുകള്‍ തെറ്റിച്ചുകൊണ്ട് ഇന്ത്യാ സഖ്യം മുന്നേറിയതോടെയാണ് ഓഹരി വിപണി വീണത്.

അതേസമയം കൊവിഡ് കാലത്തിന് ശേഷം ഇന്ത്യൻ വിപണി നേരിട്ട ഏറ്റവും വലിയ തകർച്ചയായിരുന്നു ഇന്നലത്തേത്. അദാനി ഗ്രൂപ്പ് അടക്കം വമ്പൻ തിരിച്ചടിയാണ് നേരിട്ടത്. 19 ശതമാനം ഇടിവാണ് അദാനി ഓഹരികളിൽ ഒരുഘട്ടത്തിലുണ്ടായത്. ആദ്യ മണിക്കൂറില്‍ തന്നെ നിക്ഷേരകരുടെ നഷ്ടം 2.48 ലക്ഷം കോടി കവിഞ്ഞു. ഇതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ആകെ വിപണി മൂല്യം 16.94 ലക്ഷം കോടിയായി ഇടിയുകയും ചെയ്തു.

അദാനി ടോട്ടല്‍ ഗ്യാസ് ഓഹരികളാണ് ഇന്നലെ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ഏതാണ്ട് 19 ശതമാനം ഇടിവ് ഈ ഓഹരികളിലുണ്ടായി. അദാനി എന്‍റര്‍പ്രൈസസ് ഓഹരികള്‍ 10 ശതമാനം ഇടിഞ്ഞു. ഇതോടെ കമ്പനിയുടെ ആകെ വിപണി മൂല്യം 3.74 ലക്ഷം കോടിയായി കുറഞ്ഞു.

You might also like