ടി20 ലോകകപ്പ് 2024: പരിശീലനത്തിനിടെ സൂപ്പര്‍ താരത്തിന് വീണ്ടും പരിക്ക്, ഇന്ത്യന്‍ ആരാധകര്‍ക്ക് ആശങ്ക
അയര്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ കൈയ്ക്ക് പരിക്കേറ്റ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്ന പാകിസ്ഥാനെതിരായ പോരാട്ടത്തിന്റെ സമ്മര്‍ദ്ദത്തില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ പരിശീലന വേളയില്‍ രോഹിത്തിന് വീണ്ടും പരിക്കേറ്റെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ന്യൂയോര്‍ക്കിലെ നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ താരത്തിന്റെ കൈവിരലില്‍ പന്ത് കൊള്ളുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ഫിസിയോകള്‍ ഉടന്‍ തന്നെ അദ്ദേഹത്തിന്റെ അടുത്തെത്തി പരിചരിച്ചു. ബാറ്റിംഗ് പ്രാക്ടീസ് രണ്ട് മിനിറ്റോളം നിര്‍ത്തിവച്ചെങ്കിലും അല്‍പസമയത്തിന് ശേഷം താരം പരിശീലനം പുനഃരാരംഭിക്കുകയും ചെയ്തു. താരത്തിന് പാകിസ്ഥാനെതിരെ കളിക്കാന്‍ കഴിയുമെന്ന് തന്നെയാണ് കരുതുന്നത്.
അയര്‍ലന്‍ഡിനെതിരെ 8 വിക്കറ്റിന്റെ അനായാസ ജയത്തോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടി20 ലോകകപ്പ് പ്രചാരണം ആരംഭിച്ചത്. മത്സരത്തില്‍ രോഹിത് ശര്‍മ്മ അര്‍ദ്ധ സെഞ്ച്വറി നേടിയെങ്കിലും ജോഷ് ലിറ്റിലിന്റെ പന്ത് കൈയ്യില്‍ തട്ടി പരിക്കേറ്റ് താരത്തിന് നേരത്തെ മൈതാനം വിടേണ്ടിവന്നിരുന്നു.
മത്സര ശേഷം കൈയ്ക്ക് തനിക്ക് അല്‍പ്പം വേദനയുണ്ടെന്ന് രോഹിത് അവകാശപ്പെട്ടു. എന്നാല്‍ അദ്ദേഹം പൂര്‍ണ്ണമായും സുഖം പ്രാപിക്കുകയും നെറ്റ്സില്‍ പരിശീലത്തിന് ഇറങ്ങുകയും ചെയ്തു. ഇതിനിടെയാണ് താരത്തിന് വിരലിന് പരിക്കേറ്റത്.