മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്തു

0

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മോദിക്ക് പിന്നാലെ കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, ജെ.പി. നദ്ദ അടക്കമുള്ളവർ സത്യവാചകം ചൊല്ലി. സത്യപ്രതിജ്ഞ ചടങ്ങുകൾ പുരോഗമിക്കുകയാണ്.

കേരളത്തിൽ നിന്നും തൃശൂരിലെ നിയുക്ത എം.പി സുരേഷ് ഗോപിയും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്യും. ഏത് വകുപ്പ് ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.

ബി.ജെ.പിയുടെ ന്യൂനപക്ഷ മുഖം കൂടിയാണ് കുര്യൻ. ദേശീയ തലത്തിൽ ക്രിസ്ത്യൻവിഭാഗങ്ങളെ പാർട്ടിയിലെത്തിക്കാൻ നിർണായക പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിയാണിദ്ദേഹം. നേരത്തെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയും അലങ്കരിച്ചിരുന്നു. പുതുപ്പളളിയിൽ ഉമ്മൻചാണ്ടിക്കെതിരെ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു.

കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന സുരേഷ് ഗോപിക്ക് ​ടൂറിസം, സാംസ്കാരികം എന്നീ വകുപ്പുകളിൽ ഏതെങ്കിലുമൊന്ന് ലഭിക്കാനാണ് സാധ്യത. കാബിനറ്റ് റാങ്കോ അല്ലെങ്കിൽ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമോ കിട്ടുമെന്നും റിപ്പോർട്ടുണ്ട്.

സത്യ​പ്രതിജ്ഞക്കായി സുരേഷ് ഗോപിയും കുടുംബവും ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. മൂന്നാം എൻ.ഡി.എ സർക്കാരിൽ ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകൾ ബി.ജെ.പി തന്നെ കൈവശം വെക്കാനാണ് സാധ്യത.

You might also like