ഗാസായുദ്ധം ; ഇസ്രയേലിനെ കരിമ്പട്ടികയിൽപ്പെടുത്താൻ ഒരുങ്ങി യു.എൻ
യു.എൻ: ഗാസായുദ്ധത്തിൽ കുട്ടികളുടെ അവകാശം ലംഘിച്ചതിനും അവരെ അപകടത്തിലാക്കുന്നതിനും ഇസ്രയേലിനെയും ഹമാസിനെയും കരിമ്പട്ടികയിൽപ്പെടുത്താൻ ഐക്യരാഷ്ട്രസഭ. ഇതിന് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ് രക്ഷാസമിതിയോട് അടുത്തയാഴ്ച ശുപാർശചെയ്യും. ഇതേകാരണത്തിന് ഇസ്‌ലാമിക് ജിഹാദിനെ കരിമ്പട്ടികയിൽപ്പെടുത്താനും ശുപാർശയുണ്ടാകും. യു.എൻ. സെക്രട്ടറി ജനറലിന്റെ ഓഫീസ് ഓരോ വർഷവും ഇറക്കുന്ന ‘കുട്ടികളും സായുധസംഘർഷവും’ റിപ്പോർട്ടിന്റെ ഭാഗമാണ് കരിമ്പട്ടിക. റിപ്പോർട്ട് ഈമാസം 18-നേ പുറത്തിറങ്ങൂ. കരിമ്പട്ടികയിൽപ്പെടുത്തേണ്ട രാജ്യങ്ങളിലുണ്ടെന്ന വിവരം ഗുട്ടെറസിന്റെ ഓഫീസ് ഇസ്രയേലിന്റെ യു.എൻ. സ്ഥാനപതി ഗിലാദ് എർദനെ വെള്ളിയാഴ്ച അറിയിച്ചു.
നാണംകെട്ട തീരുമാനമെന്നാണ് എർദൻ പ്രതികരിച്ചത്. “ഹമാസിന്റെ അസംബന്ധവാദങ്ങൾ അംഗീകരിച്ച യു.എൻ., ചരിത്രത്തിന്റെ കരിമ്പട്ടികയിൽ തങ്ങളെത്തന്നെ ഉൾപ്പെടുത്തിയെ”ന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ലോകത്ത് ഏറ്റവുംധാർമികത പുലർത്തുന്ന സൈന്യമാണ് ഇസ്രയേലിന്റേതെന്നും യു.എൻ. സെക്രട്ടറി ജനറലിന്റെ തീരുമാനം കൊണ്ടുമാത്രം അത് മാറ്റാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.