കുവൈറ്റ് തീപിടിത്തം: രണ്ട് പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: 49 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിൽ സുരക്ഷാവീഴ്ച ആരോപിച്ച് രണ്ട് പേരെ അറസ്സ് ചെയ്തതായി പ്രദേശിക മാധ്യമമായ അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. കുവൈത്ത് പൗരനെയും പ്രവാസിയേയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് വിവരം. നരഹത്യയും അശ്രദ്ധ മൂലം അപകടമുണ്ടാക്കിയതിനുമാണു കേസ്. അന്വേഷണ നടപടികൾ പുരോഗമിക്കുകയാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
മംഗഫിലെ കെട്ടിടത്തിന് തീപിടിക്കാൻ കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് കണ്ടെത്തിയിരുന്നു. സാങ്കേതിക പരിശോധനയും അന്വേഷണവും പൂർത്തിയായതിന് പിന്നാലെയാണ് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ജനറൽ ഫയർഫോഴ്‌സ് വിഭാഗം അറിയിച്ചത്. സാക്ഷികളിൽ നിന്നുള്ള വിവരശേഖരണം കഴിഞ്ഞദിവസം പൂർത്തിയാക്കിയതായും അന്വേഷണ സംഘം അറിയിച്ചു. താഴത്തെ നിലയിലെ ഗാർഡ് റൂമിലാണ് തീപിടിത്തമുണ്ടായത്. ഇത് സാങ്കേതിക പരിശോധനയിൽ നിന്ന് വ്യക്തമായതായും അധികൃതർ അറിയിച്ചു.