പ്ലസ്‍വൺ സീറ്റ് പ്രതിസന്ധി: മലപ്പുറത്ത് സ്കൂളുകളിൽ പുതിയ താൽക്കാലിക ബാച്ച് അനുവദിക്കും: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

0

തിരുവനന്തപുരം: പ്ലസ്‍വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ മലപ്പുറത്ത് സർക്കാർ സ്കൂളുകളിൽ പുതിയ താൽക്കാലിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്ഥിരം ബാച്ച് അനുവദിക്കുന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമില്ല. വിഷയം പഠിക്കാൻ വിദ്യാഭ്യാസ ജോയന്‍റ് ഡയറക്ടറും മലപ്പുറം ആർ.ഡി.ഡിയും ഉൾപ്പെട്ട രണ്ടംഗ സമിതിയെ നിയോഗിക്കും. ആവശ്യമെങ്കിൽ അധിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 15 വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനങ്ങളുണ്ടായത്.

മലപ്പുറത്ത് 7478, പാലക്കാട് 1757, കാസർകോട് 252 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ സീറ്റുകൾ കുറവുള്ളതെന്ന് മന്ത്രി അറിയിച്ചു. ബാക്കി ജില്ലകളിൽ സപ്ലിമെന്‍ററി അലോട്ട്മെന്‍റോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സപ്ലിമെന്‍ററി അലോട്ട്മെന്‍റിനു ശേഷം വീണ്ടും അപേക്ഷ ക്ഷണിക്കും. പുതുതായി നിയോഗിക്കുന്ന സമിതിയുടെ റിപ്പോർട്ട് പ്രകാരമാകും അധിക ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനം സ്വീകരിക്കുക.

“മലപ്പുറത്തെ ഹയർസെക്കൻഡറി വിഭാഗത്തിൽ സർക്കാർ മേഖലയിൽ 85 സ്കൂളുകളും എയിഡഡ് മേഖലയിൽ 88 സ്കൂളുകളുമാണുള്ളത്. ഹയർസെക്കൻഡറി രണ്ടാം വർഷം ഇപ്പോൾ പഠിക്കുന്നത് 66,024 കുട്ടികളാണ്. നിലവിലെ സാഹചര്യത്തിൽ താൽക്കാലിക ബാച്ച് അനുവദിക്കാൻ തത്ത്വത്തിൽ അംഗീകരിച്ചിരിക്കുകയാണ്. ജൂലൈ രണ്ടു മുതൽ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷിക്കാം. സംസ്ഥാനത്തെ താലൂക്ക് തല വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

You might also like