മധ്യപ്രദേശില്‍ കോവിഡ് രൂക്ഷം; ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി

0

ഭോപ്പാല്‍: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി അയല്‍ സംസ്ഥാനമായ മധ്യപ്രദേശില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് പ്രധാന നഗരങ്ങളായ ഇന്‍ഡോര്‍, ഭോപ്പാല്‍, ജബല്‍പ്പൂര്‍ നഗരങ്ങളില്‍ എല്ലാ ഞായറാഴ്ചയും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച്‌ 21 ഞായറാഴ്ചയാണ് ആദ്യത്തെ നിയന്ത്രണം.

മാസങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ് രാജ്യത്ത് ഒരു സംസ്ഥാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കോളജുകളും മാര്‍ച്ച്‌ 31 വരെ അടച്ചിടാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഈ മൂന്ന് നഗരങ്ങളിലും എല്ലാ ഞായറാഴ്ചയും ലോക്ക്ഡൗണ്‍ തുടരുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഈ മൂന്ന് നഗരങ്ങളിലും നേരത്തെ മുതല്‍ നൈറ്റ് കര്‍ഫ്യൂ എര്‍പ്പെടുത്തിയിരുന്നു. രാത്രി പത്തുമണി മുതല്‍ രാവിലെ ആറ് വരെയാണ് നൈറ്റ് കര്‍ഫ്യു. ഇതില്‍ നിന്ന് അവശ്യസര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന അവലോകനയോഗത്തിന്റെതാണ് തീരുമാനം. 24 മണിക്കൂറിനുള്ളില്‍ 1.140 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ ആകെ എണ്ണം 2,73,097 ആയി. ഏഴ് പേരാണ് ഇന്ന് മരിച്ചത്.

You might also like