സ്വവര്‍ഗ്ഗബന്ധം സംബന്ധിച്ച നിലപാട് വ്യക്തമാക്കിയതിന് അഭിനന്ദനവുമായി നൈജീരിയയിലെ ക്രിസ്ത്യന്‍ നേതാക്കള്‍

0

അബൂജ: സ്വവര്‍ഗ്ഗവിവാഹങ്ങള്‍ ആശീര്‍വദിക്കുവാന്‍ കത്തോലിക്കാ സഭയ്ക്കു കഴിയില്ലെന്ന നിലപാട് പ്രഖ്യാപിച്ച വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ നിലപാടില്‍ അഭിനന്ദനവുമായി പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ക്രിസ്ത്യന്‍ നേതാക്കള്‍. ‘ദൈവീകവും സമയബന്ധിതവും’ എന്നാണ് നടപടിയെ പ്രശംസിച്ചുകൊണ്ട് ‘ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ’ (സി.എ.എന്‍) പ്രതിനിധികള്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. സ്വവര്‍ഗ്ഗവിവാഹങ്ങളെ ആശീര്‍വദിക്കുവാന്‍ കഴിയില്ലെന്ന് പാപ്പയുടെ അനുമതിയോടെ വത്തിക്കാന്‍ വിശ്വാസതിരുസംഘം തീരുമാനിച്ചതറിഞ്ഞപ്പോള്‍ തങ്ങള്‍ക്കുണ്ടായ ആനന്ദത്തിനു അതിരില്ലെന്നും, തീരുമാനം ഒരുപാട് പേര്‍ക്ക് വേണ്ടിയുള്ള ഒറ്റത്തീരുമാനമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

വിശുദ്ധ ലിഖിതങ്ങള്‍ക്കൊപ്പം നിലകൊണ്ടതിന് ഫ്രാന്‍സിസ് പാപ്പയേയും സി.എ.എന്‍ ജനറല്‍ സെക്രട്ടറി ജോസഫ് ഡാരമോള ഒപ്പിട്ട പ്രസ്താവനയില്‍ അഭിനന്ദിക്കുന്നുണ്ട്. വിഷയത്തില്‍ വത്തിക്കാന്‍ നിലപാടിനോട് തങ്ങള്‍ പൂര്‍ണ്ണമായും യോജിക്കുന്നുവെന്നും, ഇക്കാരണത്താല്‍ എത്ര സുസ്ഥിരമാണെങ്കിലും പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹബന്ധത്തിനു പുറത്തുള്ള ലൈംഗീക ബന്ധങ്ങളും, സ്വവര്‍ഗ്ഗവിവാഹങ്ങള്‍ പോലെയുള്ള ബന്ധങ്ങളും കൗദാശികമായി ആശീര്‍വദിക്കുന്നത് ശരിയല്ലെന്നും സി.എ.എന്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

ദൈവീകവും സമയബന്ധിതവുമായ ഈ തീരുമാനം ആരോടുമുള്ള വിവേചനമല്ലെന്നും, ആരാധനാപരമായ അവകാശ സത്യങ്ങളുടെ ഒരു ഓര്‍മ്മപ്പെടുത്തലാണെന്നും തങ്ങള്‍ക്കറിയാമെന്ന്‍ സി.എ.എന്നില്‍ ഉള്‍പ്പെട്ട കത്തോലിക്കാ പ്രതിനിധികള്‍ പറഞ്ഞു. സ്വവര്‍ഗ്ഗവിവാഹ നയത്തിലും നിയമത്തിലും മാറ്റങ്ങള്‍ വരുത്തുവാനുള്ള സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുവാന്‍ നൈജീരിയന്‍ സര്‍ക്കാരിനോട് ആഹ്വാനം ചെയ്തുകൊണ്ടാണ് സംഘടനയുടെ പ്രസ്താവന അവസാനിക്കുന്നത്. കത്തോലിക്ക സഭയും പ്രൊട്ടസ്റ്റന്‍റ് സമൂഹവും അടക്കമുള്ള വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ കൂട്ടായ്മയാണ് ‘ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ’.

You might also like