രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന നടത്തുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു.

0

ന്യൂഡൽഹി: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന നടത്തുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു. ശക്തമായ കാറ്റിലും മഴയിലും ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൻ്റെ മേൽക്കൂരയുടെ ഭാഗം തകർന്നുവീണ് ഒരാൾ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണു പ്രതികരണം. യാത്രക്കാരുടെ സുരക്ഷയും സൗകര്യവുമാണു തന്റെ മുഖ്യപരിഗണനയെന്നും ദേശീയ മാധ്യമത്തോട് അദ്ദേഹം പറഞ്ഞു.

ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ ആഭ്യന്തര സർവീസുകൾ നടത്തുന്ന ടെർമിനൽ ഒന്നിൽ വെള്ളിയാഴ്‌ച പുലർച്ചെ 5ന് ഉണ്ടായ അപകടത്തിൽ രോഹിണി സ്വദേശിയും ടാക്‌സി ഡ്രൈവറുമായ രമേഷ് കുമാറാണ് (45) മരിച്ചത്. 6 പേർക്കു പരുക്കേറ്റു അപകടത്തെതുടർന്ന് ഇവിടെനിന്നുള്ള വിമാനയാത്ര തടസ്സപ്പെട്ടിരുന്നു. ടെർമിനൽ ഒന്നിനു മുന്നിലെ മേൽക്കൂരയുടെ ഭാഗവും താങ്ങിനിർത്തിയിരുന്ന തൂണുമാണു കാറുകളുടെ മീതേ തകർന്നു വീണത്. ടാക്സി ഡ്രൈവറുടെ മരണത്തിൽ അനുശോചിച്ച രാം മോഹൻ നായിഡു, മന്ത്രാലയം ഉടനെ രക്ഷാപ്രവർത്തനം ആരംഭിച്ചെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ചെന്നും പറഞ്ഞു.

“നിർഭാഗ്യകരമായ അപകടമാണുണ്ടായത്. യാത്രക്കാരുടെ സൗകര്യത്തിനും സുരക്ഷയ്ക്കുമാണു മുൻഗണന. എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തണം. പ്രതിസന്ധി നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോത്സാഹനവും മാർഗനിർദേശവും നൽകി. യാത്ര മുടങ്ങിയവർക്ക് 7 ദിവസത്തിനുള്ളിൽ പണം തിരികെ ലഭിക്കാൻ 24X7 വാർ റൂം സ‌ജ്ജീകരിച്ചു”- കേന്ദ്രമന്ത്രി പറഞ്ഞു.

You might also like