മഹാരാഷ്ട്രയിലെ ലോണാവാലയിലെ ഭൂഷി അണക്കെട്ടിന് സമീപമുള്ള വെള്ളച്ചാട്ടം കാണാനെത്തിയ ഏഴംഗ കുടുംബം ഒഴുക്കിൽപ്പെട്ടു.

0

മുംബൈ: മഹാരാഷ്ട്രയിലെ ലോണാവാലയിലെ ഭൂഷി അണക്കെട്ടിന് സമീപമുള്ള വെള്ളച്ചാട്ടം കാണാനെത്തിയ ഏഴംഗ കുടുംബം ഒഴുക്കിൽപ്പെട്ടു. രണ്ട് പേർ നീന്തി രക്ഷപ്പെട്ടെങ്കിലും മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. രണ്ടുപേർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.

ഒരു സ്ത്രീയും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. നാലും ഒമ്പതും വയസ് പ്രായമുള്ള രണ്ട് കുട്ടികളെയാണ് കാണാതായത്. ഷാഹിസ്ത ലിയാഖത്ത് അൻസാരി (36), അമീമ ആദിൽ അൻസാരി (13), ഉമേര ആദിൽ അൻസാരി (8) എന്നിവരാണ് മരിച്ചത്. താഴെയുള്ള റിസർവോയറിൽ നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. അദ്നാൻ സഭാഹത് അൻസാരി (4), മരിയ അഖിൽ അൻസാരി (9) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.

മുംബൈയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഹിൽ സ്റ്റേഷനിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു കുടുംബം. വെള്ളച്ചാട്ടം കണ്ടുനിൽക്കുന്നതിനിടെ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നു. വെള്ളം കുത്തിയൊഴുകിയെത്തിയതോടെ സഹായത്തിന് വേണ്ടി കുട്ടികളടക്കമുള്ളവർ നിലവിളിക്കുന്ന വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. വെള്ളച്ചാട്ടത്തിന് നടുവിലുള്ള ഒരു പാറയിൽ എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ച് നിൽക്കുന്നതും കരയിലേക്ക് നീങ്ങാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

എന്നാൽ വെള്ളത്തിന്റെ ശക്തി വർധിച്ചതോടെ ഓരോരുത്തരായി ഒഴുക്കിൽപ്പെടുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ആ സമയത്ത് അവിടെയുണ്ടായിരുന്ന മറ്റ് വിനോദസഞ്ചാരികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം നടന്നില്ല. പിന്നീട് നാട്ടുകാരും പൊലീസും സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്

You might also like