സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

0

തിരുവനന്തപുരം: ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത വിദൂര-ദുർഘട പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വാഹനങ്ങളിൽ സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ രോഗികൾക്ക് എത്തപ്പെടാൻ സാധിക്കുന്ന കേന്ദ്രങ്ങളിൽ വച്ച് ഡയാലിസിസ് നൽകുക എന്നതാണ് മൊബൈൽ ഡയാലിസിസ് യൂണിറ്റിന്റെ പ്രവത്തന രീതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, സന്നദ്ധ സംഘടനകളുടെയും സംയുക്ത സംരംഭമായി സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ സജ്ജമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ വി.കെ. പ്രശാന്ത് എം.എൽ.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഹീമോഡയാലിസിസ് ചെലവേറിയതും ആശുപത്രിയിൽ മാത്രം ചെയ്യാൻ കഴിയുന്നതുമായ പ്രക്രിയയാണ്. ഇതിന് പരിഹാരമായിട്ടാണ് താരതമ്യേന ചെലവു കുറഞ്ഞതും രോഗികൾക്ക് സ്വന്തമായി വീട്ടിൽ ചെയ്യാൻ സാധിക്കുന്നതുമായ പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുള്ളത്. പെരിറ്റോണിയൽ ഡയാലിസിസ് നിലവിൽ എല്ലാ ജില്ലകളിലും ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായുള്ള മുഴുവൻ ചെലവും സർക്കാരാണ് വഹിക്കുന്നത്. നാളിതുവരെ 640 രോഗികൾ പെരിറ്റോണിയൽ ഡയാലിസിസിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നിലവിലുള്ള ഡയാലിസിസ് യൂണിറ്റുകളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിച്ചുകൊണ്ട് ഷിഫ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് കൂടുതൽ രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യം സൃഷ്ടിക്കുന്നതാണ്. ഇതിനായി വേണ്ടി വരുന്ന അധിക മാനവശേഷി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വഹിക്കാവുന്നതാണ്.

You might also like