സർക്കാർ ഓഫിസുകളിൽ പോവുമ്പോൾ പണം കയ്യിൽ കരുതേണ്ട: ഇനി യുപിഐ വഴി പണം നൽകാനാവും.
തിരുവനന്തപുരം: സർക്കാർ ഓഫിസുകളിൽ പോവുമ്പോൾ ഇനി പണം കയ്യിൽ കരുതേണ്ട. ഇനി യുപിഐ വഴി പണം നൽകാനാവും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. ഗൂഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ മാർഗങ്ങളിലൂടെ സർക്കാർ വകുപ്പുകൾക്ക് ജനങ്ങളിൽ നിന്ന് പണം സ്വീകരിക്കാമെന്നാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നത്.
ഇതിനായി സർക്കാർ ഓഫിസുകളിൽ ക്യു ആർ കോഡ് പ്രദർശിപ്പിക്കാം. സ്വീകരിക്കുന്ന പണം ട്രഷറിയിൽ എത്തിക്കാനുള്ള സാങ്കേതിക ക്രമീകരണം വകുപ്പുകൾ ഒരുക്കണം. 2018ൽ ഇതുസംബന്ധിച്ച് നിർദേശം നൽകിയിരുന്നെങ്കിലും പല വകുപ്പുകളും ഇപ്പോഴും പണമായാണ് ഫീസുകളും മറ്റും സ്വീകരിക്കുന്നത്. ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും ഉപയോഗിച്ച് പണം സ്വീകരിക്കാൻ എല്ലാ വകുപ്പുകളും നിർബന്ധമായും പോയിന്റ് ഓഫ് സെയിൽ മെഷീൻ സ്ഥാപിക്കണമെന്ന 2018ലെ വ്യവസ്ഥ സർക്കാർ നീക്കി.