ഇസ്രായേല്‍ സേനയുടെ ആക്രമണത്തെ തുടര്‍ന്ന് ഗാസയിലെ രണ്ടാമത്തെ നഗരമായ ഖാന്‍ യൂനുസില്‍ നിന്ന് ആയിരങ്ങള്‍ പലായനം ചെയ്യുന്നു.
ഗാസ: ഇസ്രായേല്‍ സേനയുടെ ആക്രമണത്തെ തുടര്‍ന്ന് ഗാസയിലെ രണ്ടാമത്തെ നഗരമായ ഖാന്‍ യൂനുസില്‍ നിന്ന് ആയിരങ്ങള്‍ പലായനം ചെയ്യുന്നു. കഴിഞ്ഞ രാത്രിയും പകലുമായി നിരവധി തവണ ഖാന്‍ യൂനുസ് നഗരത്തിലും പുറത്തും ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു.
എട്ടുപേര്‍ മരിക്കുകയും 30ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പാലസ്തീന്‍ റെഡ് ക്രസന്റ് വൃത്തങ്ങള്‍ അറിയിച്ചു. മേഖലയിലെ യൂറോപ്യന്‍ ഗാസ ആശുപത്രിയില്‍ ചികിത്സയിലുള്ളവരും ജീവനക്കാരും ഒഴിഞ്ഞുപോയി. അഭയാര്‍ഥി ക്യാമ്പുകളും ഉപേക്ഷിക്കുകയാണ്.
ഇസ്രായേല്‍ സേന നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ് ആളുകള്‍ കൂട്ടമായി പലായനം ചെയ്തത്. റാഫ ആക്രമണത്തിന് ശേഷം ഒരു സുരക്ഷയുമില്ലാത്ത തകര്‍ന്ന കെട്ടിടങ്ങളിലാണ് ആളുകള്‍ കഴിഞ്ഞിരുന്നത്. ഇനി എവിടേക്ക് പോകുമെന്നാണ് പാലസ്തീന്‍ അഭയാര്‍ഥികള്‍ ചോദിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥന്‍ ലൂയിസ് വാട്ടറിജ് പറഞ്ഞു.
തിങ്കളാഴ്ച ഇസ്രായേലിനെ ലക്ഷ്യംവെച്ച് ഖാന്‍ യൂനുസില്‍ നിന്ന് തൊടുത്ത 20ഓളം മിസൈലുകള്‍ക്കുള്ള മറുപടിയായാണ് സൈനിക നീക്കമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.