ഗസ്സ വെടിനിർത്തൽ ; ചർച്ചക്കായി സംഘത്തെ അയക്കുമെന്ന് നെതന്യാഹു
ഗസ്സ: ഇസ്രായേൽ തുടരുന്ന കൊടിയ ആക്രമണം പത്താം മാസത്തിലെത്തി നിൽക്കെ, വെടിനിർത്തൽ ചർച്ചക്കായുള്ള പ്രാരംഭ കൂടിയാലോചനകൾക്ക് ഖത്തർ തലസ്ഥാനമായ ദോഹയിൽ തുടക്കം. ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ മേധാവി ഡേവിഡ് ബർണിയ ഇന്നലെ ഖത്തറിലെത്തി നേതാക്കളുമായി ഹമാസ് സമർപ്പിച്ച നിർദേശം സംബന്ധിച്ച് ചർച്ച നടത്തി. ഹമാസ് മുന്നോട്ടു വെച്ച ചില കാര്യങ്ങളിലുള്ള എതിർപ്പ് മധ്യസ്ഥ രാജ്യം എന്ന നിലയിൽ ഖത്തറിനെ അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ദികൾക്ക് പകരം കൈമാറുന്ന ഫലസ്തീൻ തടവുകാരുടെ കാര്യത്തിൽ ഹമാസ് ഉപാധി സ്വീകാര്യമല്ലെന്നാണ് ഇസ്രായേൽ നിലപാട്. അടുത്ത ആഴ്ച നടക്കുന്ന വെടിനിർത്തൽ ചർച്ചയിൽ ഇസ്രായേൽ സംഘം പങ്കെടുക്കുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ചർച്ച ചിലപ്പോൾ ദിവസങ്ങളോ ആഴ്ചകളോ നീണ്ടേക്കുമെന്ന സൂചനയാണ് ഇസ്രായേൽ നൽകുന്നത്. ഹമാസിൻ്റെ പ്രതികരണം പ്രതീക്ഷ നൽകുന്നതാണെന്നും വൈകാതെ വെടിനിർത്തൽ യാഥാർഥ്യമാകുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.