ബന്ദിമോചനത്തിന് മാത്രം വെടിനിർത്തൽ: യുദ്ധംലക്ഷ്യം നേടും വരെ തുടരും: നെതന്യാഹു

0

ടെൽഅവീവ്: ​ഗസ്സയിൽ വെടിനിർത്തൽ ചർച്ചയ്ക്ക്​ തിരിച്ചടിയാകും വിധത്തിൽ​ പ്രകോപന പ്രസ്​താവനയുമായി വീണ്ടും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

ബന്ദിമോചനത്തിൽ മാത്രം വെടിനിർത്തൽ പരിമിതമായിരിക്കുമെന്നും യുദ്ധലക്ഷ്യങ്ങൾ നേടും വരെ ഗസ്സയിൽ ആക്രമണം നിർത്തില്ലെന്നുമാണ് നെതന്യാഹുവിന്റെ വാദം.

വടക്കൻ ഗസ്സയിലേക്ക്​ പോരാളികൾ മടങ്ങിവരുന്നതും ഈജിപ്​ത്​ വഴി ഗസ്സയിലേക്ക്​ ആയുധങ്ങൾ എത്തുന്നതും ഒരു കരാറിന്റെ പുറത്തും ഇസ്രായേൽ അംഗീകരിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.

അടുത്ത ആഴ്​ച ദോഹയിൽ ​വെടിനിർത്തൽ ചർച്ചയ്ക്കുള്ള തിരക്കിട്ട നീക്കം പുരോഗമിക്കെയാണ്​ വീണ്ടും നെതന്യാഹുവിന്റെ പ്രകോപന പ്രസ്താവന. ദോഹ ചർച്ചയ്ക്ക് തിരിച്ചടിയേൽപ്പിക്കുന്നതാണ്​ നെതന്യാഹുവിന്റെ പ്രകോപന ​പ്രസ്​താവനയെന്ന്​ ഇ​സ്രായേൽ പ്രതിപക്ഷ നേതാവ്​ യായിർ ലാപിഡ്​ കുറ്റപ്പെടുത്തി. ഉറ്റവരുടെ മോചനം അട്ടിമറിക്കാനുള്ള നീക്കം ഇസ്രായേൽ ജനത അനുവദിക്കില്ലെന്ന്​ ബന്ദികളുടെ ​ബന്ധുക്കളും പ്രതികരിച്ചു. ഇസ്രായേൽ നഗരങ്ങളിൽ നെതന്യാഹു വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുകയാണ്.

അതേസമയം, വെടിനിർത്തൽ കരാർ യാഥാർഥ്യമായാലും ലബനാനിൽ ഹിസ്​ബുല്ലയ്ക്കു നേരെയുള്ള ആക്രമണം അവസാനിക്കില്ലെന്ന്​ പ്രതിരോധ മന്ത്രി യോവ്​ ഗാലന്റ് പറഞു. ഹിസ്​ബുല്ലയുടെ ആക്രമണം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ്​ മന്ത്രിയുടെ പ്രതികരണം.

You might also like