കണ്ണീരൊഴിയാതെ പാക്ക് ക്രൈസ്തവര്‍: വീണ്ടും ക്രിസ്ത്യന്‍ ബാലികയെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തി വിവാഹം

0

ലാഹോര്‍: പാക്കിസ്ഥാനില്‍ ലാഹോറിൽ വീണ്ടും ക്രൈസ്തവ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തി വിവാഹം ചെയ്തതായി റിപ്പോര്‍ട്ട്. പതിമൂന്നു വയസ്സുള്ള ഷക്കൈന മാസിഹ് എന്ന ക്രൈസ്തവ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തി വിവാഹം ചെയ്തെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമ്മയായ സാമിനെയോടൊപ്പം വലൻസിയ എന്ന പട്ടണത്തിലെ ഒരു വീട്ടിൽ ജോലിചെയ്യവേയാണ് ഫെബ്രുവരി പത്തൊന്‍പതാം തിയതി ഷക്കൈനയെ കാണാതാവുന്നത്. ഇതേ തുടർന്ന് സാമിന പോലീസിനെ സമീപിച്ചെങ്കിലും രണ്ടു ദിവസത്തേക്ക് എഫ്ഐആർ സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ല.

ഫെബ്രുവരി 21നാണ് സാമിനയുടെയും, ഭർത്താവായ ജോൺസന്റെയും പരാതി പോലീസ് സ്വീകരിക്കുന്നത്. കുറച്ചു ദിവസത്തിന് ശേഷം അലി ബഷീർ എന്ന് പേരുള്ള ഒരു മുസ്ലിം മതവിശ്വാസി ഷെക്കെനയെ വിവാഹം ചെയ്തതെന്ന് പോലീസ് മാതാപിതാക്കളെ അറിയിക്കുകയായിരിന്നു. തന്റെ മകൾ ഒരു കൗമാരപ്രായക്കാരി ആണെന്നും നിയമപരമായി വിവാഹത്തിന് സാധ്യമല്ലെന്നും ജോൺസൺ അധികൃതരെ അറിയിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ ചെവിക്കൊള്ളാൻ തയ്യാറായില്ല. മറിച്ച് കോടതിയിൽ പോകാനുള്ള വെല്ലുവിളിയാണ് അവർ നടത്തിയത്. ഇതിനിടയിൽ സ്ത്രീപീഡനത്തിനും, അനധികൃത വിവാഹത്തിനുമെതിരെയുള്ള നിയമം ചൂണ്ടിക്കാണിച്ചുകൊണ്ട് റാണ അബ്ദുൽ ഹമീദ് എന്ന വക്കീൽ ഷെക്കെനയുടെ കുടുംബത്തിനുവേണ്ടി പരാതിയുമായി ലാഹോർ ഹൈക്കോടതിയെ സമീപിച്ചു.

പെണ്‍കുട്ടിയെ കാണാതായിട്ട് ഏറെ ദിവസങ്ങളായെന്നും, ഇപ്പോഴത്തെ ജീവിതാവസ്ഥയെ പറ്റി യാതൊരുവിധ വിവരങ്ങളും ലഭിച്ചിട്ടില്ലെന്നും, ഇത് കുടുംബത്തോട് ചെയ്യുന്ന അനീതിയാണെന്നും റാണ അബ്ദുൽ ഹമീദ് പറഞ്ഞു. ജുഡീഷ്യറിയും, പോലീസ് അധികൃതരും ഇങ്ങനെയുള്ള സംഭവങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നതിനാൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുന്നത് രാജ്യത്ത് വർദ്ധിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാലവിവാഹം നിരോധിക്കുന്ന നിയമം രാജ്യത്ത് നിലവിലുണ്ടെങ്കിലും പോലീസ് അതൊന്നും നടപ്പിലാക്കാൻ ശ്രമിക്കുന്നില്ലായെന്നും അദ്ദേഹം ആരോപിച്ചു.

പീഡനങ്ങൾക്കെതിരെയും, തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങൾക്കെതിരെയുള്ള നിയമങ്ങളും അധികൃതർ ഗൗനിക്കുന്നില്ല. അതിനാൽ തന്നെ കുറ്റക്കാർ ജാമ്യത്തിലിറങ്ങി സ്വതന്ത്രമായി വിഹരിക്കുകയും, കേസിൽനിന്ന് രക്ഷപ്പെടുകയുമാണ് പതിവ്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ കണക്കുകൾ പ്രകാരം 2019 നവംബർ മാസം മുതൽ 2020 ഒക്ടോബർ മാസം വരെയുള്ള കണക്കുകൾ പ്രകാരം ആയിരത്തോളം ക്രൈസ്തവ പെൺകുട്ടികളെയാണ് ഇസ്ലാം മതവിശ്വാസികൾ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തിരിക്കുന്നത്. മകളെ തിരികെ ലഭിക്കുന്നതുവരെ നിയമപരമായ പോരാട്ടങ്ങൾ തുടരുമെന്നാണ് ഷക്കൈനയുടെ പിതാവ് ജോൺസൺ വ്യക്തമാക്കിയിരിക്കുന്നത്.പ്രാര്‍ത്ഥനയുമായി ക്രൈസ്തവ സമൂഹം കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

You might also like