ബംഗ്ലദേശിനെ പിടിച്ചുകുലുക്കുന്ന പ്രക്ഷോഭത്തിനിടെ വിദ്യാർഥികൾ ജയിൽ തകർക്കുകയും തീയിടുകയും ചെയ്തു

0

ധാക്ക; ബംഗ്ലദേശിനെ പിടിച്ചുകുലുക്കുന്ന പ്രക്ഷോഭത്തിനിടെ വിദ്യാർഥികൾ ജയിൽ തകർക്കുകയും തീയിടുകയും ചെയ്തു. നർസിങ്കടി ജില്ലയിലെ സെൻട്രൽ ജയിലിൽനിന്നു നൂറുകണക്കിനു തടവുകാരെ പ്രക്ഷോഭകർ മോചിപ്പിച്ചു. പൊലീസ് വെടിവയ്പിൽ മരിച്ചവരുടെ എണ്ണം 50 കഴിഞ്ഞതായാണ് റിപ്പോർട്ട്.

1971ലെ ബംഗ്ലദേശ് വിമോചനസമരത്തിൽ രക്തസാക്ഷികളായവരുടെ കുടുംബങ്ങൾക്കു സർക്കാർ ജോലിയിൽ 30% സംവരണം ഏർപ്പെടുത്തണമെന്ന ഹൈക്കോടതി വിധിയെത്തുടർന്നാണു പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും വിലക്കയറ്റവും കൂടി പ്രക്ഷോഭത്തിന്റെ വിഷയമായി മാറിക്കഴിഞ്ഞു.

ഇന്നലെയും സുരക്ഷാസേന പ്രക്ഷോഭകർക്കു നേരെ വെടിവയ്പും കണ്ണീർവാതക പ്രയോഗവും നടത്തി. ഔദ്യോഗിക ടിവി ചാനലായ ബിടിവിയുടെ ഓഫിസിനു മുന്നിൽ സമരം ചെയ്തവർക്കു നേരെയും വെടിവയ്പുണ്ടായി. ധാക്കയിൽ ഇന്റർനെറ്റ് നിയന്ത്രണമുണ്ട്.

തലസ്ഥാനത്തെ സർവകലാശാലകൾ അടയ്ക്കുകയും ഹോസ്റ്റലുകളിൽനിന്നും വിദ്യാർഥികളെ ഒഴിപ്പിക്കുകയും ചെയ്തു. നിരോധനാജ്ഞ നിലവിലുണ്ട്. പ്രതിപക്ഷമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നുണ്ട്.

You might also like