വെല്ലുവിളിയായി കാലാവസ്ഥ: അർജുൻ ട്രക്കിൽ ഉണ്ടോയെന്ന് സ്ഥിരീകരിക്കാൻ ശ്രമം
അങ്കോല: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുൻ്റെ ലോറി കണ്ടെത്താനുള്ള ശ്രമം 11-ാം ദിവസത്തിലേക്ക് കടന്നു. ദൗത്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നത് ഗംഗാവലി പുഴയിലെ ശക്തമായ ഒഴുക്കും പ്രതികൂല കാലാവസ്ഥയുമാണ്. ആർത്തലച്ച് ഒഴുകുകയാണ് ഗംഗാവലിപ്പുഴ.
ഡൈവിങ് സംഘത്തിന് പുഴയിലിറങ്ങാന്‍ ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അതേസമയം, മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം, സംസ്ഥാന മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ. ശശീന്ദ്രനും ഷിരൂരിലേക്ക് തിരിച്ചിട്ടുണ്ട്.
ഡ്രോൺ ഉപയോഗിച്ച് വെള്ളിയാഴ്ച പരിശോധനയില്ല. ഡ്രോൺ പരിശോധനയ്ക്ക് നേതൃത്വം വഹിച്ച റിട്ടയേഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലൻ ഷിരൂരില്‍ നിന്ന് തിരിച്ചു. അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പ്രധാനമായും പരിശോധിക്കുന്നത് സ്ഥാനം കണ്ടെത്തിയ ട്രക്കിൻ്റെ ഭാഗത്ത് അർജുൻ ഉണ്ടോയെന്നാണ്.