റാവൂസ് കോച്ചിങ് സെന്റര്‍ ദുരന്തം: കര്‍ശന നടപടിക്കായുള്ള വിദ്യാര്‍ത്ഥികളുടെ സമരം ഇന്നും തുടരും

0

ദില്ലി: ദില്ലിയില്‍ ഐഎഎസ് കോച്ചിംഗ് സെന്ററിലുണ്ടായ ദുരന്തത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള വിദ്യാര്‍ത്ഥികളുടെ സമരം ഇന്നും തുടരും. മേഖലയില്‍ മഴക്കാല മുന്നൊരുക്കം പൂര്‍ത്തിയാക്കേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അടക്കം നടപടി വേണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഉദ്യോഗസ്ഥര്‍ ആര്‍ക്കും എതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല.

ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഭവത്തില്‍ അന്വേഷണത്തിന് ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. ഓള്‍ഡ് രജീന്ദര്‍ നഗറിലെ വിവിധ കോച്ചിംഗ് സെന്ററില്‍ ഇന്നും പരിശോധനകള്‍ തുടരും. അറസ്റ്റിലായ റാവൂസ് കോച്ചിംഗ് സെന്റര്‍ ഉടമയെയും കോര്‍ഡിനേറ്ററെയും അടക്കം അഞ്ച് പേരെ കോടതിയില്‍ ഹാജരാക്കി. ഇവരെ ആഗസ്റ്റ് 12 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

അപകടത്തില്‍ രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. ഏഴടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. സിവില്‍ സര്‍വീസ് അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ട് പേരാണ് സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. ദേശീയ ദുരന്ത നിവാരണ സേന കെട്ടിടത്തില്‍ കുടുങ്ങിയിരുന്ന 14 പേരെ രക്ഷപ്പെടുത്തി. ഇവര്‍ക്ക് ചികിത്സ നല്‍കി. റാവു സിവില്‍ സര്‍വീസ് അക്കാദമിയുടെ ലൈബ്രറി ആണ് ബേസ് മെന്റില്‍ പ്രവര്‍ത്തിച്ചിരുന്നത്. സംഭവ സമയത്ത് മുപ്പത് വിദ്യാര്‍ത്ഥികളാണ് ഇവിടെ ഉണ്ടായിരുന്നതെന്നും ഇതില്‍ മൂന്ന് പേര്‍ വെള്ളക്കെട്ടില്‍ കുടുങ്ങുകയായിരുന്നുവെന്ന് ദില്ലി ഫയര്‍ സര്‍വീസ് അറിയിച്ചു.

You might also like