ഇന്തോനേഷ്യയിലെ ഓശാന ഞായര്‍ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് ബന്ധം

0

ജക്കാര്‍ത്ത: ഇന്നലെ ഓശാന ഞായറാഴ്ച ഇന്തോനേഷ്യയിലെ മകാസര്‍ തിരുഹൃദയ കത്തീഡ്രലിൽ ആക്രമണം നടത്തിയ ചാവേർ പോരാളികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധം. രാജ്യത്തും ഫിലിപ്പീൻസിലും ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റിനെ (ഐ‌എസിനെ) പിന്തുണയ്ക്കുന്ന ജമാഅ അൻഷറുത് ദൌള തീവ്രവാദ പ്രസ്ഥാനത്തിലെ അംഗമാണ് ഒരു ചാവേര്‍ പോരാളിയെന്ന് വ്യക്തമായതായി ദേശീയ പോലീസ് മേധാവി ലിസ്റ്റിയോ സിജിത് പ്രബാവോ പറഞ്ഞു. “ചാവേര്‍ ജെ‌എ‌ഡി (ജമാഅ അൻഷറുത് ദൌള) അംഗമായിരുന്നു. ഈ സംഘം 2019ൽ ഫിലിപ്പീൻസിലെ ജോളോയിൽ തീവ്രവാദി ആക്രമണം നടത്തിയിരിന്നു”.- ലിസ്റ്റിയോ സിജിത് പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ വിശുദ്ധവാരത്തില്‍ തന്നെ ആക്രമണം നടന്നത് വലിയ ചര്‍ച്ചയ്ക്കു വഴി തെളിയിച്ചിരിക്കുകയാണ്. മോട്ടോര്‍ ബൈക്കിലെത്തിയ ചാവേറുകള്‍ ദേവാലയത്തിനുള്ളിലേക്ക് ഇരച്ചുകയറുവാന്‍ ശ്രമിക്കുകയായിരിന്നു. ചാവേറുകള്‍ തയാറാക്കിയ പദ്ധതി പ്രകാരം ദേവാലയത്തിനുള്ളില്‍ പ്രവേശിക്കുവാന്‍ കഴിഞ്ഞിരിന്നെങ്കില്‍ നിരവധി വിശ്വാസികള്‍ മരണമടയുമായിരിന്നു. ഓശാന ശുശ്രൂഷകളുടെ സമാപനവേളയിലായിരിന്നു സ്ഫോടനം ദേവാലയ പരിസരത്ത് നടന്നത്. അതേസമയം ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം 19 ആണെന്ന്‍ ‘ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ പരിക്കേറ്റവരുടെ എണ്ണം 14 ആണെന്ന്‍ റിപ്പോര്‍ട്ടുണ്ടായിരിന്നു.

You might also like