ടെർമിനലിലേക്ക് പ്രവേശിക്കുന്നതിന് ക്യുആർ കോഡ് ഉള്ള ടിക്കറ്റുകളോ ബോർഡിങ് കാർഡുകളോ വേണമെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം.

0

കൊച്ചി: വിമാനത്താവള സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ടെർമിനലിലേക്ക് പ്രവേശിക്കുന്നതിന് ക്യുആർ കോഡ് ഉള്ള ടിക്കറ്റുകളോ ബോർഡിങ് കാർഡുകളോ വേണമെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം. ആളുകൾ യാത്രക്കാരെന്ന വ്യാജേന ടെർമിനലിൽ പ്രവേശിക്കുന്നത് തടയാനാണു പുതിയ നിബന്ധന. വ്യാജ ടിക്കറ്റുകളും റദ്ദാക്കിയ ടിക്കറ്റുകളും ഉപയോഗിച്ച് ആളുകൾ ടെർമിനലിൽ പ്രവേശിക്കുന്നത് അടുത്തിടെ വ്യാപകമായതിനെത്തുടർന്നാണ് നീക്കം.

നിലവിൽ യാത്രക്കാർ കൊണ്ടുവരുന്ന ടിക്കറ്റും തിരിച്ചറിയൽ കാർഡും സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥർ പരിശോധിച്ചാണ് ടെർമിനലിലേക്ക് കടത്തിവിടുന്നത്. വ്യാജ ടിക്കറ്റുകളും റ‍ദ്ദാക്കിയ ടിക്കറ്റുകളും ഉപയോഗിച്ച് ചിലർ ഇത്തരത്തിൽ ടെർമിനലിലേക്ക് പ്രവേശിക്കാറുണ്ടായിരുന്നു. ഗേറ്റിലെ പരിശോധനയ്ക്ക് ക്യുആർ കോ‍ഡ് റീഡർ ഏർപ്പെടുത്തിയതോടെ ഇത്തരത്തിൽ വ്യാജ ടിക്കറ്റുകൾ എളുപ്പത്തിൽ തിരിച്ചറിയാനാകും.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ആഭ്യന്തര ടെർമിനലിൽ യാത്രയ്ക്ക് 90 ശതമാനത്തിലേറെ യാത്രക്കാരും ക്യുആർ കോഡ് ഉള്ള ടിക്കറ്റുകളുമായാണ് എത്തുന്നത്. രാജ്യാന്തര ടെർമിനലിൽ കൂടുതലും വിദേശ വിമാനക്കമ്പനികളുടെ ടിക്കറ്റുകളാണെന്നതിനാൽ ഇതു പൂർണമായും പ്രാവർത്തികമായിട്ടില്ല. വിദേശ വിമാനക്കമ്പനികളും ട്രാവൽ ഏജൻസികളും ഇഷ്യു ചെയ്യുന്ന ടിക്കറ്റുകളിലെ കോഡ് ഇവിടത്തെ മെഷീനിൽ റീഡ് ആകാത്തതും പ്രശ്നമാകുന്നുണ്ട്.

പല വിദേശ വിമാനക്കമ്പനികളും ക്യുആർ കോഡ് ഉള്ള ബോർഡിങ് പാസ് ലഭിക്കുന്നതിന് നേരത്തെ ടിക്കറ്റെടുത്ത യാത്രക്കാരോട് ഓൺലൈനിൽ ചെക്ക്–ഇൻ ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. ഡിജി യാത്രക്കാർക്ക് ഓൺലൈൻ ക്യുആർ കോ‍ഡ് ലഭിക്കുമെന്നതിനാൽ ഈ സാങ്കേതിക പ്രശ്നം നേരിടേണ്ടി വരുന്നില്ല.

You might also like