ഹിമാചലിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി

0

ഷിംല: ഹിമാചലിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. ഷിംല, മണ്ഡി, കുളു എന്നീ ജില്ലകളിലായി 50 പേരെയോളമാണ് കാണാതായിട്ടുള്ളത്. മേഖലയിൽ കരസേനയുടെ നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് കനത്ത മഴ 3 ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

ഇതിനിടെ, കേദാർനാഥിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മേഖലയിൽ കുടുങ്ങിയ തീർത്ഥാടകരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ കരസേന ഊർജ്ജിതമാക്കിയിട്ടുണ്ട്. ദുരന്തത്തിൽ ആകെ മരണം 15 ആയി. ജമ്മുകശ്മീരിലെ ഗന്ദർബാലിലും മേഘ വിസ്ഫോടനമുണ്ടായി. ശ്രീനഗർ-ലേഹ് ദേശീയപാത അടച്ചിരിക്കുകയാണ്. 87 റോഡുകളാണ് ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തിന് പിന്നാലെ അടച്ചിരിക്കുന്നത്.  ഇതിൽ 30 എണ്ണം കുളുവിലും 25 എണ്ണം മണ്ഡിയിലും 14 എണ്ണം ലാഹോളിലും സ്പിതിയിലും 5 എണ്ണം ഷിംലയിലും 7 എണ്ണം കംഗ്രയിലും 2 എണ്ണം കിന്നൌറിലുമാണ്.

You might also like