യുഎഇ: അബുദാബിയിൽ പ്രവാസികളുടെ മരണവുമായി ബന്ധപ്പെട്ട തുടർ നടപടികൾക്കുള്ള ഫീസ് ഒഴിവാക്കി. മരണ സർട്ടിഫിക്കറ്റിന്റെയും എംബാമിംഗ് സർട്ടിഫിക്കറ്റിന്റെയും നിരക്കുകളാണ് ആരോഗ്യ മന്ത്രാലയം എടുത്തുകളഞ്ഞത്. പുതിയ തീരുമാനം പ്രവാസികൾക്ക് ഏറെ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
മരണ സർട്ടിഫിക്കറ്റ്, എംബാമിംഗ്, ആംബുലൻസ്, മൃതദേഹം സൂക്ഷിക്കുന്ന പെട്ടി എന്നിവയ്‌ക്കുള്ള ഫീസാണ് പൂർണമായും ഒഴിവാക്കിയത്. മരണ സർട്ടിഫിക്കറ്റിന് 103 ദിർഹം, എംബാമിംഗിന് 1106 ദിർഹം, ആംബുലൻസ്, മൃതദേഹം സൂക്ഷിക്കുന്ന പെട്ടി എന്നിവയ്‌ക്ക് 1209 ദിർഹം ഉൾപ്പെടെ 2418 ദിർഹമായിരുന്നു നിരക്ക്. കഴിഞ്ഞ ദിവസം മുതൽ ഈ തുക ഈടാക്കുന്നില്ലെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.
സ്വദേശികളുടെ മരണ സർട്ടിഫിക്കറ്റിന് ഈടാക്കിയിരുന്ന 53 ദിർഹവും ഒഴിവാക്കി. പുതിയ നടപടികളിലൂടെ ഏതു രാജ്യക്കാരായ പ്രവാസികൾ മരിച്ചാലും ഈ ആനുകൂല്യം ലഭ്യമാവും. യുഎഇയിലെ തൊഴിൽ നിയമ പ്രകാരം പ്രവാസിയുടെ മരണവുമായി ബന്ധപ്പെട്ട ചെലവുകൾ സ്‌പോൺസർമാരാണ് വഹിക്കേണ്ടത്. എന്നാൽ ചെറുകിട സ്ഥാപനങ്ങൾ പലപ്പോഴും ഭീമമായ ചെലവ് ഏറ്റെടുക്കാറില്ല. അബുദാബി എമിറേറ്റിലുള്ളവർക്ക് മാത്രമായിരിക്കും ഈ സൗകര്യം. നിലവിൽ മറ്റുള്ള എമിറേറ്റിലെ നടപടി ക്രമങ്ങൾ അതേപടി തുടരുമെന്നും അധികൃതർ അറിയിച്ചു.