വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി
ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി. അഭിഭാഷകന്‍ മാത്യു നെടുമ്പാറ ആണ് ഹര്‍ജി നല്‍കിയത്.
2006, 2014 വര്‍ഷങ്ങളിലെ വിധി റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. കേരളത്തിന് ഡാമില്‍ അവകാശമുണ്ടെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. മുന്‍കാല വിധികള്‍ നിയമപരമായി തെറ്റാണെന്നും വയനാട് ദുരന്തം കണക്കിലെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
വയനാട് ദുരന്തത്തിന് പിന്നാലെയാണ് മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയര്‍ന്നത്. മുല്ലപ്പെരിയാര്‍ ഡാം ഡികമ്മിഷന്‍ ചെയ്യണം എന്നാവശ്യവുമായി താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് രംഗത്തെത്തുന്നത്.
അതേസമയം മുല്ലപ്പെരിയാര്‍ ഡാമിന്റെ പാട്ടക്കരാറിന്റെ സാധുത പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് സുപ്രീം കോടതി. 1886 ല്‍ തിരുവിതാംകൂര്‍ സംസ്ഥാനവും ബ്രിട്ടീഷ് സര്‍ക്കാറും തമ്മിലുണ്ടാക്കിയ മുല്ലപ്പെരിയാര്‍ കരാറിന് പുതിയ സാഹചര്യത്തില്‍ നിലനില്‍പ്പുണ്ടോയെന്നും സ്വാതന്ത്ര്യാനന്തരം അണക്കെട്ടിന്റെ ഉടമസ്ഥാവകാശം തമിഴ്‌നാടിനാണോ കേന്ദ്ര സര്‍ക്കാരിനാണോയെന്നും സുപ്രീം കോടതി പരിശോധിക്കും