മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം
അങ്കോല: കർണാടക അങ്കോല ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം. തിരച്ചിൽ വീണ്ടും എന്ന് തുടങ്ങാനാവും എന്ന് തീരുമാനിക്കാനായി ഉത്തര കന്നഡ ജില്ലാ കലക്ടർ ലക്ഷ്മി പ്രിയയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും.
യോഗത്തിൽ ഇന്ത്യൻ നേവിയിലെ വിദഗ്ധരും പങ്കെടുക്കും. പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിരച്ചിൽ നേരത്തെ നിർത്തിവച്ചിരുന്നു. ഗംഗാവാലി നദിയിലെ അടിയൊഴുക്ക് 3.5 നോട്ട് ആയാൽ മാത്രമേ തിരച്ചിൽ സാധ്യമാവൂ. എന്നാൽ നിലവിൽ 5.4 നോട്ടാണ് അടിയൊഴുക്ക്.
ഈ ആഴ്ച നദിയുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴയുണ്ടാകില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. അടിയൊഴുക്ക് കുറഞ്ഞാൽ തിരച്ചിൽ സംബന്ധിച്ച തുടർനടപടികൾ തീരുമാനിക്കുമെന്ന് ജില്ലാ കലക്ടർ ലക്ഷ്മി പ്രിയ പറഞ്ഞു.