വയനാട് ദുരന്തം: നദികളിൽ ഇപ്പോഴും ശരീരഭാഗങ്ങൾ
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയിലെ ഇന്നലത്തെ തെരച്ചിലിനിടെ സൂചിപ്പാറയ്ക്ക് താഴെ ആനടികാപ്പില്‍ നിന്ന് രണ്ട് ശരീരഭാഗങ്ങളും മുണ്ടേരി ഇരുട്ടുകുത്തി, ചാലിയാര്‍ കൊട്ടുപാറ എന്നിവിടങ്ങളില്‍ നിന്ന് ഓരോ ശരീര ഭാഗങ്ങളും കണ്ടെത്തി. സൂചിപ്പാറ മേഖലയില്‍ ഇന്നലെ ഏഴ് സംഘങ്ങളായാണ് തെരച്ചില്‍ നടത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യാപകമായി പരിശോധന നടത്താനാണ് തീരുമാനം. ശരീരഭാഗങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്ത് കല്‍പറ്റയിലെത്തിച്ചിട്ടുണ്ട്. ഇവ മോര്‍ച്ചറിയിലേക്ക് മാറ്റി ഡിഎന്‍എ സാംപിളുകള്‍ പരിശോധിച്ച് മറ്റ് പരിശോധനകള്‍ കൂടി നടത്തും. തുടര്‍ന്നായിരിക്കും സംസ്‌കാരം.
വയനാട് ദുരന്തത്തിലെ തിരിച്ചറിയാനാകാത്ത ശരീരങ്ങളുടെയും ശരീരഭാഗങ്ങളുടെയും സംസ്‌കാരം പുത്തുമലയില്‍ ഇന്നലെയും നടന്നു. ഒരു പൂര്‍ണ മൃതദേഹവും മൂന്ന് ശരീര ഭാഗവുമാണ് സംസ്‌കരിച്ചത്. തിരിച്ചറിയാത്ത 51 പൂര്‍ണ മൃതദേഹങ്ങളും 194 ശരീര ഭാഗങ്ങളുമാണ് ഇതുവരെ പുത്തുമലയില്‍ സംസ്‌കരിച്ചത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 124 പേരെ ഇനിയും കണ്ടെത്താനുണ്ട്.