ഇറാൻ- ഇസ്രായേൽ യുദ്ധഭീതി ; പശ്ചിമേഷ്യയിലേക്ക് ലബൂൺ യുദ്ധക്കപ്പൽ അയച്ച് അമേരിക്ക
തെഹ്റാന്‍/തെല്‍അവീവ്: ഇസ്രായേലിനെതിരെ ഇറാന്‍റെ പ്രത്യാക്രമണം ഉടനെന്ന റിപ്പോർട്ടിനു പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധഭീതി കനക്കുന്നു. ബെയ്റൂത്ത്, തെൽഅവീവ്, തെഹ്റാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പ്രതിസന്ധിലായിരിക്കുകയാണ്. ഇതിനിടെ, ഇസ്രായേലിന് സുരക്ഷയൊരുക്കാൻ അമേരിക്ക ലബൂൺ യുദ്ധക്കപ്പൽ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. ഇറാനു പ്രത്യാക്രമണം നടത്താൻ അവകാശമുണ്ടെന്ന് ചൈനയും പ്രതികരിച്ചിരിക്കുകയാണ്. അതിനിടെ, ഗസ്സയിൽ ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഇസ്രായേലിനെതിരെ ഇറാന്‍റെ വ്യാപക ആക്രമണം ഉടൻ ഉണ്ടാകുമെന്നാണ് യു.എസ്, ഇസ്രായേൽ ഇന്‍റലിജൻസ് റിപ്പോർട്ടുകൾ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണത്തിൽനിന്ന് ഇറാനെ പിന്തിരിപ്പിക്കാനുള്ള യൂറോപ്യൻ നീക്കം പരാജയപ്പെട്ടിരിക്കുകുയാണ്. ഇതോടെ മേഖലയിൽ യുദ്ധഭീതി വർധിച്ചു. ഇസ്മാഈൽ ഹനിയ്യയുടെ വധത്തിന് അന്താരാഷ്ട്ര സമ്മർദങ്ങളെ അവഗണിച്ച് ഇസ്രായേലിനെ കഠിനമായി ശിക്ഷിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇറാൻ.