സിസിലി തീരത്തുണ്ടായ ചുഴലിക്കാറ്റിൽ ആഡംബര നൗക തകർന്നു; ഏഴു പേരെ കാണാതായി
പലേർമോ (സിസിലി): ഇറ്റലിയുടെ സിസിലി തീരത്തുണ്ടായ ശക്തിയേറിയ ചുഴലിക്കാറ്റിൽ 22 അംഗ സംഘം സഞ്ചരിച്ച ആഡംബര നൗക തകർന്ന് ഏഴു പേരെ കാണാതായി. ഒരു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട ഒരു വയസുള്ള കുട്ടിയടക്കം എട്ടു പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു ജീവനക്കാരനെയും ആറ് യാത്രികരെയുമാണ് കാണാതായത്. ഇവർ ബ്രിട്ടീഷ്, അമേരിക്കൻ, കനേഡിയൻ പൗരന്മാരാണ്.
സിസിലിയൻ തലസ്ഥാനമായ പലേർമോയുടെ തീരത്താണ് ചുഴലിക്കാറ്റിൽപ്പെട്ട് ആഡംബര നൗക കടലിൽ മുങ്ങിയതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് രജിസ്ട്രേഷനുള്ള 184 അടി (56 മീറ്റർ) നീളമുള്ള നൗകയാണ് അപകടത്തിൽപ്പെട്ടത്.