എംപോക്സ് ഏഷ്യയിലും; ആദ്യ കേസ് തായ്ലൻഡിൽ
ബാങ്കോക്ക്: പുതിയ ഇനം വൈറസ് മൂലമുള്ള എംപോക്സ് രോഗം തായ്ലൻഡിൽ സ്ഥിരീകരിച്ചു. ഏഷ്യയിലെ ആദ്യ കേസാണിത്. യൂറോപ്പിലെ ആദ്യ കേസ് കഴിഞ്ഞയാഴ്ച സ്വീഡനിൽ കണ്ടെത്തിയിരുന്നു.
ഓഗസ്റ്റ് 14ന് ആഫ്രിക്കൻ രാജ്യത്തുനിന്നെത്തിയ 66 വയസുള്ള യൂറോപ്യനിലാണു രോഗം സ്ഥിരീകരിച്ചതെന്നു തായ്ലൻഡിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഡിസീസ് കൺട്രോൾ അറിയിച്ചു. മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ എംപോക്സ് പടർത്തുന്ന ക്ലേഡ് വൺ ബി എന്നയിനം വൈറസ് തന്നെയാണ് ഇദ്ദേഹത്തിലും കണ്ടെത്തിയത്. ഇദ്ദേഹവുമായി ഇടപഴകിയ 43 പേരെ കണ്ടെത്തി. ഇവരെ മൂന്നാഴ്ച നിരീക്ഷിക്കും.
കോംഗോയിൽ ആരംഭിച്ച എംപോക്സ് ബാധ ബുറുണ്ടി, കെനിയ, റുവാണ്ട, യുഗാണ്ട രാജ്യങ്ങളിലും പടരുകയാണ്. പുതിയയിനം വൈറസ് മൂലമുള്ള രോഗത്തിനു മരണസാധ്യത കൂടുതലായതിനാൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു