നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി ജമ്മു-കാഷ്മീരിൽ സുരക്ഷ ശക്തമാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി ജമ്മു-കാഷ്മീരിൽ സുരക്ഷ ശക്തമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. 350 കന്പനി അർധ സൈനിക വിഭാഗത്തെ വിന്യസിക്കും. അമർനാഥ് യാത്രയുമായി ബന്ധപ്പെട്ടു വിന്യസിച്ചിട്ടുള്ള സിആർപിഎഫ്, ബിഎസ്എഫ് വിഭാഗങ്ങളിലെ 470 കന്പനി സൈനികരിൽ 350 കന്പനി ജമ്മു-കാഷ്മീരിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. ഒരു കന്പനിയിൽ 120 ഓളം സുരക്ഷാ ഭടന്മാരുണ്ടാകും.
കേന്ദ്രസേനയുടെ വിന്യാസം സംബന്ധിച്ച കാര്യത്തിൽ തീരുമാനമെടുക്കാൻ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ ആഴ്ച വിളിച്ചുചേർത്തിട്ടുണ്ട്. ജമ്മു-കാഷ്മീരിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി തുടരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കുന്നത്.
ഈ വർഷം സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ 20 സുരക്ഷാ ഉദ്യോഗസ്ഥരും 18 സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതുവരെ 27 ഭീകരരെ സൈന്യം വധിച്ചു. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്നു ഘട്ടങ്ങളിലായാണു ജമ്മു-കാഷ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ്. ഒക്ടോബർ നാലിന് ഫലം പ്രഖ്യാപിക്കും.