ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സര്‍ക്കാര്‍ തീരുമാനം.
തിരുവനന്തപുരം: ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സര്‍ക്കാര്‍ തീരുമാനം. അഞ്ച് മാസത്തെ കുടിശികയിൽ ഒരു ഗഡുവും നടപ്പുമാസത്തെ പെൻഷനുമാണ് നൽകുന്നത്. ഓണക്കാല ചെലവുകൾക്ക് മുന്നോടിയായി 3,000 കോടി രൂപ ധനവകുപ്പ് കടമെടുക്കും. അറുപത് ലക്ഷം പെൻഷൻകാര്‍ക്ക് 3200 രൂപ വീതം ഈ മാസം അവസാനത്തോടെ കിട്ടിത്തുടങ്ങും. 1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്.
അഞ്ച് മാസത്തെ കുടിശികയിൽ രണ്ട് മാസത്തെ ഈ സാമ്പത്തിക വര്‍ഷവും ബാക്കി മൂന്ന് മാസത്തെ അടുത്ത സാമ്പത്തിക വര്‍ഷവും കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച മുൻഗണന ക്രമത്തിൽ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് ഓണക്കാലത്ത് ഒരുമാസത്തെ കുടിശിക കൂടി ചേര്‍ത്ത് നടപ്പ് മാസത്തെ പെൻഷൻ അനുവദിക്കുന്നത്.