ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്തോനേഷ്യയില്‍; ഊഷ്മള സ്വീകരണം, ഔദ്യോഗിക പരിപാടികള്‍ നാളെ മുതല്‍
വത്തിക്കാന്‍ സിറ്റി: ചരിത്രത്തില്‍ ഇടംപിടിക്കുന്ന ഏഷ്യ-പസഫിക് അപ്പോസ്‌തോലിക പര്യടനത്തിന്റെ ആദ്യ ലക്ഷ്യസ്ഥാനമായ ഇന്തോനേഷ്യയില്‍ ഫ്രാന്‍സിസ് പാപ്പ വിമാനമിറങ്ങി. ഇന്നലെ വൈകുന്നേരം റോമില്‍ നിന്നു യാത്ര തിരിച്ച മാര്‍പാപ്പ ഇന്നു രാവിലെ പതിനൊന്നരയ്ക്കാണ് രാജ്യതലസ്ഥാനമായ ജക്കാര്‍ത്തയിലെ സോകര്‍ണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
മാര്‍പാപ്പയുടെ പ്രായം തന്നെയാണ് ഈ യാത്രയ്ക്ക് വാര്‍ത്താപ്രാധാന്യം നല്‍കുന്നത്. ഏറ്റവും ദൈര്‍ഘ്യമേറിയതും വിദൂരവും വെല്ലുവിളി നിറഞ്ഞതുമായ സന്ദര്‍ശനമെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സി ഈ യാത്രയെ വിശേഷിപ്പിക്കുന്നത്. ഇന്തോനേഷ്യ, പാപുവ ന്യൂഗിനിയ, കിഴക്കന്‍ തൈമൂര്‍, സിംഗപ്പൂര്‍ എന്നീ നാലു രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സന്ദര്‍ശനത്തില്‍ ഡിസംബറില്‍ 88 തികയുന്ന മാര്‍പാപ്പ വീല്‍ ചെയറില്‍ സഞ്ചരിക്കുക 32,814 കിലോമീറ്ററാണ്. മെഡിക്കല്‍ സംഘവും ഒപ്പമുണ്ടാകും. ഈ പ്രായത്തില്‍ മറ്റൊരു മാര്‍പാപ്പയും ഇത്രയും ദൈര്‍ഘ്യമേറിയ വിദേശപര്യടനം നടത്തിയിട്ടില്ല